അയോധ്യയിലെ ചടങ്ങിനെത്തുന്നവര്‍ക്ക് 'രാംരാജ് ' സമ്മാനം: പ്രധാനമന്ത്രിക്ക് ക്ഷേത്രത്തിന്റെ ചിത്രം ചണച്ചാക്കില്‍ പൊതിഞ്ഞ് നല്‍കും

  • 14/01/2024

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവര്‍ക്ക് സമ്മാനമായി രാംരാജ് നല്‍കുമെന്ന് ക്ഷേത്രം ട്രസ്റ്റ്. ജനുവരി 22 ന് നടക്കുന്ന ചടങ്ങിലെത്തുന്ന 11,000 ത്തിലധികം അതിഥികള്‍ക്ക് 'രാംരാജ്' എന്ന സമ്മാനം നല്‍കുമെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു.

ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ വേളയില്‍ കുഴിച്ചെടുക്കുന്ന മണ്ണിന് നല്‍കിയ പേരാണ് രാംരാജ്. വീടുകളില്‍ അയോധ്യയിലെ മണ്ണ് ഉണ്ടാവുക എന്നത് ഭാഗ്യമാണെന്ന് ട്രസ്റ്റ് പറഞ്ഞു. 'പ്രാണ പ്രതിഷ്ഠ' ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ചെറിയ പെട്ടിയിലാണ് 'രാംരാജ്' നല്‍കുക. ഇതിനൊപ്പം പ്രത്യേക നെയ്യ് കൊണ്ടുണ്ടാക്കിയ മോട്ടിച്ചൂര്‍ ലഡുവും പ്രസാദമായി നല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാമക്ഷേത്രത്തിന്റെ 15 മീറ്റര്‍ നീളമുള്ള ചിത്രം ചണച്ചാക്കില്‍ പൊതിഞ്ഞ് സമ്മാനിക്കുമെന്ന് ട്രസ്റ്റ് അംഗം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിലെ മുഖ്യാഥിതി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുള്‍പ്പെടെയുള്ള പ്രശസ്തര്‍, സന്യാസിമാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുക്കുക. 

Related News