ഭാര്യയ്ക്ക് പാചകം ചെയ്യാനറിയില്ലെന്ന് പറയുന്നത് ക്രൂരതയല്ല; ഭര്‍തൃസഹോദരന്‍മാര്‍ക്കെതിരെയുള്ള കേസ് റദ്ദാക്കി കോടതി

  • 15/01/2024

ഭാര്യയ്ക്ക് പാചകം ചെയ്യാനറിയില്ലെന്ന് പറയുന്നത് ക്രൂരതയല്ലെന്നും അതൊരു കുറ്റമല്ലെന്നും ബോംബെ ഹൈക്കോടതി. ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ പാചകം ചെയ്യാനറിയില്ലെന്ന് കുറ്റപ്പെടുത്തിയെന്ന യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി. മാത്രമല്ല ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റകരമായി കണക്കാക്കാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവിന്റെ സഹോദരന്‍മാര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍ കോടതി റദ്ദാക്കി. ജസ്റ്റിസ് അനുജ പ്രഭുദേശായി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

നിസ്സാര വഴക്കുകള്‍ ഭാര്യയോട് കാണിക്കുന്ന ക്രൂരതയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗുരുതരമായ കുറ്റകൃത്യം ചെയ്യുകയോ സ്ത്രീയെ ആത്മഹത്യയിലേക്ക് നയിക്കുകയോ പരിക്കേല്‍പ്പിക്കുകയോ നിയമവിരുദ്ധമായ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കുകയോ ചെയ്താല്‍ മാത്രമേ 498 എ പ്രകാരം ഗാര്‍ഹിക പീഡനമായി കണക്കാക്കാന്‍ കഴിയൂ എന്നും കോടതി പറഞ്ഞു. മാത്രമല്ല ഇതിനെല്ലാം പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു. 

പരാതിക്കാരിയുടെ പാചക വൈദഗ്ധ്യമില്ലായ്മയെക്കുറിച്ച്‌ അഭിപ്രായം പറഞ്ഞതാണ് ഹര്‍ജിക്കാര്‍ക്കെതിരെയുള്ള ഏക ആരോപണമെന്നും കോടതി കണ്ടെത്തി. ഹര്‍ജിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതിനൊപ്പം ആരോപണ വിധേയരായവര്‍ക്കെതിരെയുള്ള എല്ലാ ക്രിമിനല്‍ നടപടിക്രമങ്ങളും കോടതി റദ്ദാക്കി. 

Related News