രാമക്ഷേത്ര പ്രതിഷ്ഠാദിനം: പൊതു അവധിക്കെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹരജി

  • 20/01/2024

രാമക്ഷേത്ര പ്രതിഷ്ഠാദിനമായ ജനുവരി 22ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹരജി. നിയമവിദ്യാർഥികളായ ശിവാംഗി അഗർവാള്‍, സത്യജിത് സിദ്ധാർഥ് സാല്‍വേ, വേദാന്ത് ഗൗരവ് അഗർവാള്‍, ഖുഷി സന്ദീപ് ഭംഗ്യ എന്നിവരാണ് ഹരജി നല്‍കിയത്. ഒരു പ്രത്യേക വിഭാഗത്തിന്റെ മതപരമായ ചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര നിലപാടിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഹിന്ദു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് സർക്കാർ പരസ്യമായി ആഘോഷിക്കുകയും അതിന്റെ ഭാഗമായി പൊതു അവധി പ്രഖ്യാപിക്കുകയും ചെയ്യുന്നത് മതേതര തത്വങ്ങള്‍ക്കെതിരായ ആക്രമണമാണെന്നും ഹരജിയില്‍ പറയുന്നു. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനമാണെന്ന സുപ്രിംകോടതിയുടെ മുൻകാല നിരീക്ഷണങ്ങളും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെഗോഷിയബിള്‍ ഇൻസ്ട്രുമെന്റ്‌സ് ആക്ടിന്റെ സെക്ഷൻ 25 പ്രകാരം അവധി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു.

രാമക്ഷേത്ര പ്രതിഷ്ഠ സർക്കാർ പരിപാടിയാക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. രാമക്ഷേത്ര നിർമാണത്തിന് അനുമതി നല്‍കുന്ന സുപ്രിംകോടതി വിധിയില്‍ മുസ്‌ലിംകള്‍ക്ക് പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ സ്ഥലം നല്‍കണമെന്നും പറയുന്നുണ്ട്. പള്ളിയുടെ നിർമാണം ഇതുവരെ തുടങ്ങിയിട്ടുപോലുമില്ലെന്നും ഹരജിയില്‍ പറയുന്നു.

Related News