മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • 23/01/2024



കുവൈറ്റ് : സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ടാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാർട്ട്‌ ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജലീബ്‌ ഇന്റഗ്രേറ്റഡ്‌ ഇന്ത്യൻ സ്ക്കൂളിൽ വെച്ച് നടത്തിയ മെഡിക്കൽ ക്യാമ്പിൽ, ജനറൽ മെഡിസിൻ, ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഇ.എൻ.ടി., പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാർ പങ്കെടുത്തു. കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം, ഈ.സി.ജി., അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു.

ക്യാമ്പിനോടനുബന്ധിച്ച്‌ നടന്ന യോഗത്തിന്റെ ഉത്ഘാടനം ഐ.ഡി.എഫ്‌. വൈസ് പ്രസിഡന്റ് ഡോ. സമീർ ഹുമദ് നിർവ്വഹിച്ചു. മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടും സെൻറ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരിയുമായ റവ. ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്‌ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ക്യാമ്പ് കോർഡിനേറ്റർ എബി ശാമുവേൽ സ്വാഗതവും, സെക്രട്ടറി റോയ് എൻ. കോശി നന്ദിയും രേഖപ്പെടുത്തി.

ഐ.ഡി.എഫ്‌. കമ്മ്യൂണിറ്റി സെക്രട്ടറി ഡോ. സയ്ദ് മഹമൂദ് റഹ്‌മാൻ, ഡോ. രഘുനന്ദനൻ, ഐഡാക്ക്‌ കമ്മ്യൂണിറ്റി വെൽഫെയർ കമ്മറ്റി ചെയർമാൻ ഡോ. പ്രശാന്തി, സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹവികാരി റവ.ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, പ്രസ്ഥാനം വൈസ് പ്രസിഡന്റ് സാമുവേൽ കാട്ടൂർകളീക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

കുവൈത്തിൽ അധിവസിക്കുന്ന വിവിധ രാജ്യക്കാരായ 500-ലധികം ആളുകൾ ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തി.

Related News