ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവയിലെ ഉയർന്ന വില; കുവൈത്തിന്‍റെ ഉപഭോക്തൃ വില സൂചിക 2.84 ശതമാനം ഉയർന്നു

  • 22/07/2024

 


കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഉപഭോക്തൃ വില സൂചിക (സിപിഐ) കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂണിൽ 2.84 ശതമാനം ഉയർന്നതായി കണക്കുകൾ. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ അഡ്മിനിസ്ട്രേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. പ്രതിമാസ അടിസ്ഥാനത്തിൽ മെയ് മുതൽ ജൂൺ വരെയുള്ള കാലയളവിൽ പണപ്പെരുപ്പ നിരക്ക് 0.22 ശതമാനം എന്ന മിതമായ വർദ്ധനവ് രേഖപ്പെടുത്തി. പല പ്രധാന മേഖലകളിലെയും പ്രത്യേകിച്ച്, ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം എന്നിവയിലെ ഉയർന്ന വിലയാണ് പണപ്പെരുപ്പത്തിന്‍റെ വാർഷിക വർധനവിന് കാരണമായി അഡ്മിനിസ്ട്രേഷൻ പറയുന്നത്.

ഭക്ഷ്യ-പാനീയ മേഖലയിൽ ജൂൺ മാസത്തിൽ 5.60 ശതമാനം വർധനയുണ്ടായി. സിഗരറ്റ്, പുകയില മേഖലയിൽ 0.15 ശതമാനം വാർഷിക വളർച്ചയാണ് ഉണ്ടായത്. വസ്ത്രങ്ങളുടെ വില 5.58 ശതമാനം വർധിച്ചപ്പോൾ ഭവന സേവന മേഖലയിൽ 0.91 ശതമാനം ഉയർച്ചയുണ്ടായി. ഗൃഹോപകരണങ്ങളുടെ വില 3.80 ശതമാനം ഉയർന്നു. ആരോഗ്യമേഖലയുടെ വില സൂചിക 3.99 ശതമാനം വർധിച്ചു. ഗതാഗത മേഖലയിൽ 2023 ജൂണിനെ അപേക്ഷിച്ച് 0.70 ശതമാനം വർധനവാണ് ഉണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News