കുവൈറ്റില്‍ നിന്നും കൂടുതല്‍ റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യയിൽ പറക്കാം; യാത്രക്കാരെ ആകർഷിക്കാനായി ഗിഫ്റ്റ് കാർഡും

  • 22/07/2024

 


കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും കൂടുതല്‍ റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യയിൽ പറക്കാം, മുംബൈയിലേക്കും മംഗളൂരുവിലേക്കും അടക്കം കൂടുതല്‍ റൂട്ടുകളിലേക്ക് സേവനം വ്യാപിപ്പിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കൂടുതല്‍ റൂട്ടുകളിലേക്ക് ഡയറക്ട് ഫ്‌ളൈറ്റുകള്‍ എത്തുന്നതിനൊപ്പം ഗിഫ്റ്റ് കാര്‍ഡ് സൗകര്യവും എയര്‍ ഇന്ത്യ അവതരിപ്പിച്ചിട്ടുണ്ട്. യാത്രികരില്‍ നിന്നും ഉയരുന്ന ആവശ്യം കൂടി പരിഗണിച്ചാണ് കുവൈറ്റില്‍ നിന്നും കൂടുതല്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിച്ചിരിക്കുന്നത്. ഒപ്പം രാജ്യാന്തര വ്യോമയാന മേഖലയില്‍ സ്ഥാനം മെച്ചപ്പെടുത്താനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഈ നടപടികള്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നു. 


ഏഴ് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും കുവൈത്തിലേക്കു നേരിട്ട് വിമാനമുണ്ട്. ഇതില്‍ മൂന്നെണ്ണം നമ്മുടെ കേരളത്തിലെ കോഴിക്കോടും കൊച്ചിയും കണ്ണൂരുമാണ്. ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗളൂരു, മുംബൈ എന്നിവയാണ് കുവൈത്തിലേക്കു പറക്കാനാവുന്ന മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍. 
കുവൈത്തില്‍ നിന്നും 24 പ്രതിവാര ഫ്‌ളൈറ്റുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ഇത് ഇന്ത്യയും ഗള്‍ഫ് മേഖലയും തമ്മിലുള്ള ബന്ധം വിപുലപ്പെടുത്തുന്നതിനും സഹായകരമാണ്. ബെംഗളൂരു, ഡല്‍ഹി, ഗോവ, ഹൈദരാബാദ്, ജയ്പൂര്‍ എന്നിങ്ങനെയുള്ള നഗരങ്ങളിലേക്ക് വണ്‍ സ്റ്റോപ് യാത്രയും എയര്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസിലേക്ക് കൂടുതല്‍ രാജ്യാന്തര വിമാനയാത്രികരെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. 

പുതിയ റൂട്ടുകള്‍ക്കൊപ്പം എയര്‍ ഇന്ത്യ ഗിഫ്റ്റ് കാര്‍ഡുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ യാത്രികര്‍ക്ക് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനാവുന്ന മികച്ച സമ്മാനമെന്ന നിലയിലാണ് കമ്പനി ഈ ഉത്പന്നം അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ വെബ്‌സൈറ്റിലെ എയര്‍ ഇന്ത്യ ഗിഫ്റ്റ് കാര്‍ഡ് പേജ് വഴി ഈ ഗിഫ്റ്റ് കാര്‍ഡുകള്‍ വാങ്ങാനാവും. ട്രാവല്‍, വിവാഹ വാര്‍ഷികം, ജന്മദിനം, സ്‌പെഷല്‍ മൊമെന്റ്‌സ് എന്നിങ്ങനെ വ്യത്യസ്ത അവസരങ്ങളില്‍ ഉപയോഗിക്കാനാവുന്ന ഗിഫ്റ്റ് കാര്‍ഡുകളുണ്ട്. പ്രത്യേകം സന്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഇത്തരം ഗിഫ്റ്റ്കാര്‍ഡുകള്‍ സമ്മാനിക്കാനാവും. ഇന്ത്യക്ക് അകത്തേയും പുറത്തേയും യാത്രകള്‍ക്ക് ഈ കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. എക്‌സ്ട്രാ ബാഗേജ്, സീറ്റ് സെലക്ഷന്‍ എന്നിങ്ങനെ എയര്‍ ഇന്ത്യ വെബ്‌സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും ലഭ്യമായ നിരവധി സേവനങ്ങള്‍ക്കും ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം. 'വ്യത്യസ്തരീതികളില്‍ എയര്‍ ഇന്ത്യ ഗിഫ്റ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. വിമാന ടിക്കറ്റ് വാങ്ങാനും യാത്രാ ദിനം തിരഞ്ഞെടുക്കാനും കാബിന്‍ ക്ലാസ് തിരഞ്ഞെടുക്കാനുമെല്ലാം ഇത് ഉപയോഗിക്കാം. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ യാത്രകളെ മാറ്റാന്‍ ഗിഫ്റ്റ് കാര്‍ഡുകള്‍ സഹായിക്കും' എന്നാണ് എയര്‍ ഇന്ത്യ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നത്. 

1,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയുള്ള ഇ കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ വാങ്ങാനാവും. വാങ്ങിയ ശേഷം 60 ദിവസം വരെയായിരിക്കും കാര്‍ഡിന്റെ കാലാവധി. ഈ സമയത്ത് കാര്‍ഡ് സമ്മാനമായി ലഭിച്ചവര്‍ക്കു മാത്രമല്ല ആര്‍ക്കു വേണമെങ്കിലും എയര്‍ ഇന്ത്യ ഗിഫ്റ്റ് കാര്‍ഡ് ഉപയോഗിക്കാനാവും. മൂന്നു കാര്‍ഡുകള്‍ വരെ ഒരു ഇടപാടിനായി ഉപയോഗിക്കാനാവും. ഇനി ഗിഫ്റ്റ് കാര്‍ഡില്‍ പണം തികഞ്ഞില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുമായി ചേര്‍ത്തും ഉപയോഗിക്കാം.

Related News