മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിതാവ് കുവൈത്തില്‍നിന്നെത്തി കൊലപ്പെടുത്തി തിരിച്ചുപോയി

  • 13/12/2024

കുവൈറ്റ് സിറ്റി : 12 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചന്ന ആരോപണം നേരിടുന്ന ബന്ധുവിനോട് പ്രതികാരംചെയ്യാന്‍ ഗള്‍ഫില്‍നിന്ന് പറന്നെത്തി പിതാവ്. ആന്ധ്രാപ്രദേശില്‍ ഡിസംബര്‍ ആറിനാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

കൊലപാതകക്കേസ് അന്വേഷിച്ച പോലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും കിട്ടിയില്ല. എന്നാല്‍ കൊലപാതകം നടത്തിയെന്ന് കരുതുന്നയാള്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലപാതകം നടത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകം നടത്തിയ വ്യക്തിയും ഭാര്യയും മകളും കുവൈത്തിലാണ് ജീവിച്ചിരുന്നത്. എന്നാല്‍ പിന്നീട് അയാള്‍ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ അടുത്താക്കുകയും മകളുടെ ചെലവുകള്‍ക്കുള്ള പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഭാര്യാ മാതാവിനെയും അദ്ദേഹം വിദേശത്തേക്ക് കൊണ്ടുപോയി. ഭാര്യയുടെ കുടുംബത്തിന്റെ സാമ്പത്തികനില മോശമായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ 12 കാരിയുടെ സംരക്ഷണ ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പ്പിച്ചു.

ആദ്യമൊക്കെ കുട്ടിയെ നന്നായി നോക്കിയിരുന്ന ഭാര്യാസഹോദരിയുടെ കുടുംബം പിന്നീട് അതിന് വിസമ്മതം അറിയിച്ചു. ഇതോടെ ഭാര്യാമാതാവ് നാട്ടിലേക്ക് തിരിച്ചെത്തി. ഇതോടെയാണ് ഇവരുടെ ബന്ധു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി മുത്തശ്ശി തിരിച്ചറിയുന്നത്. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളുണ്ടായില്ല. പോലീസ് അക്രമിയെ താക്കീതുചെയ്ത് വിട്ടയച്ചുവെന്നും പരാതിക്കാരെ ശകാരിച്ച് മടക്കിയയച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഇതോടെയാണ് മകളോട് അതിക്രമം കാട്ടിയവരോട് പ്രതികാരം ചെയ്യാന്‍ പിതാവ് തീരുമാനിക്കുന്നത്.

ഇതിനാല്‍ പിതാവ് കുവൈത്തില്‍നിന്ന് ആന്ധ്രയിലെത്തുകയും ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തുകയും ചെയ്തു. അന്നേദിവസംതന്നെ വിദേശത്തേക്ക് മടങ്ങി. യുട്യൂബ് ചാനലിലൂടെയുള്ള വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടഉമ്ട്. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം 👇 

തത്സമയം വാർത്തകൾ ലഭിക്കാൻ വാട്സാപ്പ് ചാനലിൽ ചേരാം👇 

Related News