അജ്ഞാത മൃതദേഹത്തില്‍ നിന്ന് ലഭിച്ച മൂക്കുത്തി നിർണായക തെളിവായി മാറിയപ്പോള്‍ അറസ്റ്റിലായത് ഡല്‍ഹിയിലെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി. ഒരു മാസം മുമ്ബ് ലഭിച്ച മൃതദേഹത്തില്‍ നിന്ന് കിട്ടിയ സൂചനകളെല്ലാം പിന്തുടർന്ന പൊലീസ് ഓരോരോ തെളിവുകളായി കണ്ടെത്തുകയായിരുന്നു. ഒടുവില്‍ പഴുതുകളടച്ച് എന്താണ് നടന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്തു. ബന്ധുക്കളും മകനും ഉള്‍പ്പെടെ മൃതദേഹം തിരിച്ചറിഞ്ഞതോടെ പ്രതി പിടിയിലായി.
മാർച്ച് 11നാണ് ദില്ലിയിലെ ഒരു ഓടയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം ലഭിച്ചത്. ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പരിശോധിച്ചപ്പോള്‍ മൃതദേഹത്തില്‍ നിന്ന് പൊലീസിന് ഒരു മൂക്കുത്തി ലഭിച്ചു. അതില്‍ നിന്ന് അത് വിറ്റ ജ്വല്ലറി ഏതാണെന്ന് മനസിലായി. അവിടെ അന്വേഷിച്ചപ്പോള്‍ ഇത് വാങ്ങിയിട്ടുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചു. അതില്‍ നിന്നാണ് ദില്ലിയിലെ ഒരു വ്യവസായിയായ അനില്‍ കുമാറിന്റെ പേര് പൊലീസിന് കിട്ടുന്നത്. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ ഇയാള്‍ ഗുരുഗ്രാമിലെ ഫാം ഹൗസിലാണ് താമസിക്കുന്നതെന്നും മനസിലാക്കി. അനില്‍ കുമാറിന്റെ പേരിലായിരുന്നു മൂക്കുത്തിയുടെ ബില്‍.
പിന്നീട് നടന്ന പരിശോധനയില്‍ അനില്‍ കുമാറിന്റെ ഭാര്യയായ 47കാരി സീമ സിങിന്റെ മൃതദേഹമാണ് ഇതെന്ന് പൊലീസ് സംശയിച്ചു. ഒന്നുമറിയാത്ത പോലെ പൊലീസ് നേരെ അനില്‍ കുമാറിന്റെ വീട്ടിലെത്തി. ഭാര്യയെ ഒന്ന് കാണണമെന്ന് പറഞ്ഞപ്പോള്‍ അവർ പുറത്ത് പോയിരിക്കുകയാണെന്നും ഫോണ്‍ എടുത്തിട്ടില്ലെന്നുമായിരുന്നു മറുപടി. ഇതോടെ പൊലീസിന് കൂടുതല്‍ സംശയമായി. പൊലീസ് പിന്നാലെ ദ്വാരകയിലെ അനില്‍ കുമാറിന്റെ ഓഫീസിലെത്തി. അവിടെ നിന്ന് കിട്ടിയ ഒരു ഡയറിയില്‍ നിന്ന് സീമയുടെ അമ്മയുടെ നമ്ബർ പൊലീസിന് ലഭിച്ചു. സീമയുടെ കുടുംബവുമായി സംസാരിച്ചപ്പോള്‍ മാർച്ച് 11ന് ശേഷം സീമയുടെ ഒരു വിവരവുമില്ലെന്നും തങ്ങള്‍ കടുത്ത ആശങ്കയിലാണെന്നും സഹോദരി ബബിത പറഞ്ഞു.
സീമയെ ഫോണ്‍ വിളിക്കുമ്ബോഴെല്ലാം അനില്‍ കുമാറാണ് ഫോണെടുത്തിരുന്നത്. സീമ ജയ്പൂരിലാണെന്നും ആരോടും സംസാരിക്കാനുള്ള മൂഡില്ലെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. സീമയുടെ അവസ്ഥ മെച്ചപ്പെടുമ്ബോള്‍ താൻ വിളിക്കാമെന്നും ഇയാള്‍ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങി, എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും സീമയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുമ്ബോള്‍ താൻ വിളിക്കാമെന്നും പറഞ്ഞ് അനില്‍ കുമാർ എല്ലാവരെയും സമാധാനിപ്പിച്ചു.
മൃതദേഹം കണ്ടെത്തിയ ശേഷം ഏപ്രില്‍ ഒന്നാം തീയ്യതി പൊലീസ് കുടുംബാംഗങ്ങലെ വിളിച്ച് മൃതദേഹം തിരിച്ചറിയാൻ ആവശ്യപ്പെട്ടു. മരിച്ചത് സീമ തന്നെയെന്ന് ബന്ധുക്കള്‍ ഉറപ്പിച്ചു. പിറ്റേദിവസം സീമയുടെ മൂത്ത മകനെയും പൊലീസ് കൊണ്ടുവന്നു. അവനും അമ്മയുടെ മൃതദേഹം തിരിച്ചറിഞ്ഞു. സീമയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് ബന്ധുക്കള്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?