കാലുകള്‍ കൂട്ടിക്കെട്ടി, നഖങ്ങള്‍ വലിച്ചെടുത്തു; കെണിയില്‍ കുടുങ്ങിയ കരടിയെ ആക്രമിച്ച്‌ നാട്ടുകാര്‍

  • 14/04/2025

ഛത്തീസ്ഗഡിലെ സുക്മയില്‍ കാട്ടില്‍ കമ്ബിവേലിക്കെണിയില്‍ കുടുങ്ങിയ കരടിയെ ഗ്രാമവാസികള്‍ ചേ‍ർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കരടി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വെള്ളിയാഴ്ച്ച മുതലാണ് സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെയൊരു വീഡിയോ പ്രചരിച്ചു തുടങ്ങിയത്. ഇതെത്തുട‌ന്ന് വീ‍‍‍ഡിയോക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. വീഡിയോയില്‍ കാണുന്ന ആളുകള്‍ക്കായി പൊലീസ് തെരച്ചില്‍ ഊ‌‍‌‍‌ർജിതമാക്കിയിട്ടുണ്ട്. 

കരടിയെ മൃഗീയ പീഢനത്തിനിരയാക്കുന്നവരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യുന്നതിനും സഹായിക്കുന്നവ‌ർക്ക് വനം വകുപ്പ് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. കമ്ബിവേലിക്കെണിയില്‍ നിന്ന് രക്ഷപ്പെടാൻ പാടുപെടുന്ന കരടിയെ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം ചെവിയില്‍ പിടിച്ച്‌ വലിക്കുന്നതടക്കം ദൃശ്യങ്ങളില്‍ കാണാം. പല്ലുകളില്ലാത്ത കരടിയുടെ വായില്‍ നിന്ന് രക്തം വാ‌ർന്നൊഴുകുന്നതും കാണാം. 

സംഭവത്തില്‍ സുക്മ ഡിഎഫ്‌ഒ രാമകൃഷ്ണ പ്രതികരിച്ചു. സൈബർ സെല്ലിന്റെയും വന്യജീവി വിദഗ്ധരുടെയും സഹായത്തോടെ ഞങ്ങള്‍ വീഡിയോ പരിശോധിച്ചുവെന്നും ഏകദേശം ആറ് മാസം പഴക്കമുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയില്‍ കാണുന്ന വ്യക്തികളില്‍ ഒരാള്‍ ധരിച്ചിരുന്ന ടീ-ഷ‌ർട്ടില്‍ നിന്നും അയാള്‍ സുക്മ ഫോറസ്റ്റ് ഡിവിഷനിലെ കെർലാപാല്‍ റേഞ്ചിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. 

Related News