റെയില്‍വേ ട്രാക്കില്‍ കയറി ആത്മഹത്യാ ശ്രമം, പിന്തിരിപ്പിക്കാൻ ശ്രമിച്ച മകളും ബന്ധുവും അടക്കം 3പേര്‍ക്ക് ദാരുണാന്ത്യം

  • 22/04/2025

യുവാവിനെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച്‌ മകളും അമ്മാവനും അടക്കം മൂന്ന് പേർ ട്രെയിനിടിച്ച്‌ മരിച്ചു. രാജസ്ഥാനിലെ ജയ്പൂരില്‍ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുമിത് സെയിൻ എന്ന 40കാരൻ വീഡിയോ കോള്‍ ചെയ്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഞായറാഴ്ച പുലർച്ചെയാണ് 40കാരൻ ബന്ധുവിനെ വീഡിയോ കോളില്‍ വിളിച്ച്‌ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറയുന്നത്. 

റെയില്‍ വേ ട്രാക്കിന്റെ പശ്ചാത്തലത്തില്‍ നിന്നായിരുന്നു യുവാവിന്റെ വീഡിയോ കോള്‍. യുവാവ് നില്‍ക്കുന്ന സ്ഥലം വ്യക്തമാവുന്നതിന് മുൻപ് യുവാവ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു. ഇതോടെ ബന്ധു വിവരം പൊലീസ് സ്റ്റേഷനിലേക്ക് അറിയിച്ചു. പിന്നാലെ സുമിതിന്റെ 15 വയസ് പ്രായമുള്ള മകള്‍ നിഷയേയും മൂത്ത സഹോദരൻ ഗണേഷ് സൈനേയും ബന്ധു വിവരം അറിയിച്ചു. ഇവർ രണ്ട് പേരും ചേർന്ന് യുവാവ് നില്‍ക്കുന്ന വീടിന് സമീപത്തായുള്ള സ്ഥലം കണ്ടെത്തുകയായിരുന്നു.

സുമിതിന്റെ അടുത്തേക്ക് എത്തി ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ച ഇവർ ഒരു വിധത്തില്‍ യുവാവിനെ റെയില്‍വേ ട്രാക്കില്‍ നിന്ന് പുറത്ത് എത്തിക്കാൻ നോക്കുന്നതിനിടെ ട്രാക്കിലൂടെ വന്ന ഹരിദ്വാർ മെയില്‍ ട്രെയിൻ മൂന്ന് പേരെയും ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച്‌ കൊല്ലപ്പെട്ടു. ജയ്പൂരിലെ ഖോ നഗോരിയാൻ കോളനിയിലെ ജയ് അംബേ നഗർ താമസക്കാരനായ സുമിത് ഏറെക്കാലമായി വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ട്രെയിൻ ഇടിച്ച്‌ തെറിപ്പിച്ചവരുടെ ഫോണ്‍, കീറിപ്പോയ വസ്ത്രങ്ങള്‍ എന്നിവയില്‍ നിന്നാണ് ബന്ധുക്കള്‍ മരിച്ചവരെ തിരിച്ചറിഞ്ഞത്. 

Related News