'ഏത് നടപടിക്കും പൂര്‍ണ പിന്തുണ; സുരക്ഷാവീഴ്ച സമ്മതിച്ചെന്ന് പ്രതിപക്ഷം'; രാഹുല്‍ ഗാന്ധി നാളെ കശ്മീരിലേക്ക്

  • 24/04/2025

കേന്ദ്രത്തിന് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. പഹല്‍ഗാമിലെ ഭീകരാക്രമണത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഏകകണ്ഠമായി അപലപിച്ചെന്നും ഏത് നടപടിയും സ്വീകരിക്കുന്നതിന് പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കിയെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ സമ്മതിച്ചതായി പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രമായ ബൈസരന്‍ വാലി സാധാരണ തുറക്കുന്നത് ജൂണിലാണെന്നും ഏപ്രിലില്‍ തുറന്നത് സുരക്ഷാ ഏജന്‍സികള്‍ അറിഞ്ഞില്ലെന്നും ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ അറിയിച്ചു. ഇത് വീഴ്ചയുണ്ടായെന്ന് സമ്മതിക്കുകയല്ലേയെന്ന് യോഗത്തില്‍ പ്രതിപക്ഷ നേതാവ് ചോദിച്ചു. അതേസമയം സുരക്ഷാ വീഴ്ചയെ കുറിച്ച്‌ ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ഉദ്യോഗസ്ഥന് മറുപടി ഉണ്ടായില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത മുസ്ലീം ലീഗ് എംപി ഹാരിസ് ബീരാന്‍ പറഞ്ഞു 

ജമ്മു കശ്മീരില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. നാളെ പ്രതിപക്ഷ നേതാവ് രാഹുല്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെത്തി ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഞങ്ങള്‍ കേന്ദ്രത്തോടൊപ്പമാണ്. രാജ്യം ഒറ്റക്കെട്ടായി അതിനെതിരെ പോരാടണം. ഉടനടി പാര്‍ലമെന്റ് യോഗം വിളിച്ചുചേര്‍ക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

Related News