മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിലേക്ക്,സന്ദര്‍ശിച്ചവരുടെ പേര് വിവരങ്ങള്‍ തഹാവൂര്‍ റാണ വെളിപ്പെടുത്തിയതിന് പിന്നാലെ

  • 26/04/2025

മുംബൈ ഭീകരാക്രമണത്തില്‍ തനിക്ക് പങ്കില്ലെന്ന് തഹാവൂർ റാണ. മുംബൈ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് റാണ മൊഴി നല്‍കിയത്. ഡേവിഡ് കോള്‍മാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് റാണ മുംബൈ പൊലീസിനോട് പറഞ്ഞത്. പരിചയക്കാരെ കാണാനാണ് ദില്ലിയിലും കേരളത്തിലും സന്ദർശനം നടത്തിയതെന്നാണ് തഹാവൂർ റാണയുടെ മൊഴി. താൻ സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണസംഘത്തിന് കൈമാറിയതായാണ് വിവരം. മുംബൈ ക്രൈംബ്രാഞ്ച് സംഘം ഉടൻ കേരളം സന്ദർശിച്ചേക്കും. 

എൻഐഎ കസ്റ്റഡിയിലുള്ള തഹാവൂർ റാണയില്‍ നിന്ന് മുംബൈ ഭീകരാക്രണത്തെ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻഐഎ. റാണയുടെ സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് ഡേവിഡ് ഹെഡ്ലി മുംബൈയില്‍ എത്തിയത്. ആദ്യമായി മുംബൈയില്‍ എത്തിയ ഇയാള്‍ക്ക് റാണയുടെ നിർദ്ദേശപ്രകാരം ബഷീർ ഷെയ്ക്ക് എന്ന വ്യക്തിയാണ് സൗകര്യങ്ങള്‍ ഏർപ്പാടാക്കിയത്. താമസിക്കാനുള്ള ഹോട്ടലും പുതിയ ഓഫീസ് സൌകര്യം കണ്ടെത്തി നല്‍കിയതും ഷെയ്ഖായിരുന്നു. റാണയുടെ നിർദ്ദേേശപ്രകാരമാണ് ഷെയ്ഖ് ഹെഡ്ലിയെ സ്വീകരിച്ചതെന്നും ഏജൻസി വ്യക്തമാക്കുന്നു. 

എന്നാല്‍ റാണയുടെയും ഹെഡ്ലിയുടെയും പദ്ധതികള്‍ സംബന്ധിച്ച്‌ ഷെയ്ക്കിന് വിവരമുണ്ടായിരുന്നോ എന്നതില്‍ ഏജൻസി വ്യക്തത നല്‍കിയിട്ടില്ല. മുംബൈ ജോഗ്വേരി സ്വദേശിയായ ഷെയ്ഖ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ പട്ടികയില്‍ ഇല്ല. ഇയാള്‍ പിന്നീട് ഇന്ത്യ വിട്ടെന്നാണ് വിവരം. കൂടാതെ ഹെഡ്ലിയുടെ ഇന്ത്യയിലെ മറ്റുയാത്രകളില്‍ എല്ലാം റാണ സഹായത്തിന് ആളുകളെ നിയോഗിച്ചിരുന്നുവെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

Related News