പഹല്‍ഗാം ഭീകരാക്രമണം: ബിബിസി റിപ്പോര്‍ട്ടുകളില്‍ 'ഭീകരര്‍' ഇല്ല, പകരം ആയുധധാരികള്‍; അതൃപ്തി അറിയിച്ച്‌ കേന്ദ്രം

  • 28/04/2025

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാർത്തകള്‍ റിപ്പോർട്ട് ചെയ്യുന്നതിലെ ബിബിസി നിലപാടില്‍ അതൃപ്തിയുമായി കേന്ദ്രം.ഭീകരരെ ആയുധധാരികളെന്ന് വിശേഷിപ്പിച്ച്‌ വാർത്തകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ ബിബിസി ഇന്ത്യ മേധാവിയെ കേന്ദ്രം കടുത്ത അതൃപ്തി അറിയിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഭീകരരെ ആയുധധാരികള്‍ എന്ന് വിശേഷിപ്പിക്കുന്നതില്‍ വലിയ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ബിബിസിയെ അതൃപ്തി അറിയിച്ചത്.


ബിബിസി സംപ്രേഷണം ചെയ്യുന്ന വാർത്തകള്‍ നിരീക്ഷിക്കാനും കേന്ദ്രം തീരുമാനിച്ചതായാണ് വിവരം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമുണ്ടായാല്‍ കർശന നടപടികളിലേക്ക് കേന്ദ്രം നീങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. വസ്തുതകള്‍ അടിസ്ഥാനമാക്കി നിഷ്പക്ഷ വാർത്തകള്‍ നല്‍കണമെന്നും സൈനികനീക്കങ്ങളുമായി ബന്ധപ്പെട്ട തത്സമയ വാർത്തകള്‍ നല്‍കരുതെന്നുമടക്കം മാധ്യമങ്ങള്‍ക്ക് കേന്ദ്രം കഴിഞ്ഞ ദിവസം കർശന നിർദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തിയ പാകിസ്ഥാൻ യൂട്യൂബ് ചാനലുകള്‍ക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. പ്രകോപനപരവും വർഗീയവുമായ ഉള്ളടക്കങ്ങള്‍ പ്രക്ഷേപണം ചെയ്തെന്നു കാണിച്ച്‌ ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെത്തുടർന്നാണ് നിരോധനം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കും സൈന്യത്തിനും സുരക്ഷാ ഏജൻസികള്‍ക്കുമെതിരെ പ്രകോപനപരവും വർഗീയമായി സെൻസിറ്റീവ് ആയതുമായ ഉള്ളടക്കങ്ങള്‍, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവ പ്രചരിപ്പിച്ചതിനാണ് ചാനലുകള്‍ നിരോധിച്ചതെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു.

Related News