മംഗളൂരു സുഹാസ് ഷെട്ടി വധം: രാഷ്ട്രീയ കൊലപാതകമല്ലെന്ന് വിവരം; എട്ട് പേര്‍ അറസ്റ്റില്‍, ഗുണ്ടാ കുടിപ്പകയെന്ന് സൂചന

  • 02/05/2025

മംഗളൂരു സുഹാസ് ഷെട്ടി കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷൻ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തെന്ന് വിവരം. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023-ല്‍ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

അന്നത്തെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച്‌ നിർത്തിയത് സുഹാസ് ഷെട്ടിയാണെന്നും ഇതിലെ പക മൂലമാണ് സുഹാസ് ഷെട്ടിയെ ഉന്നമിട്ട് ആക്രമിച്ചതെന്നുമാണ് വിവരം. സംഭവത്തെ തുടർന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര മംഗളൂരുവിലെത്തി. ഇന്ന് 11 മണിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. 12 മണിക്ക് ജി പരമേശ്വര വാർത്താ സമ്മേളനം വിളിക്കും, ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മംഗളുരു കമ്മീഷണറും ഒപ്പമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ വാർത്താ സമ്മേളനത്തില്‍ അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍.

മുൻപ് ബജ്‌രംഗ്‌ദള്‍ നേതാവായിരുന്നു കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. എന്നാല്‍ അടുത്ത കാലത്ത് ഇയാള്‍ സംഘടനയില്‍ സജീവമായിരുന്നില്ല. സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായിരുന്നു ഇയാള്‍. യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. മംഗളൂരു പൊലീസിന്റെ റൗഡി പട്ടികയിലുള്‍പ്പെട്ടയാളുമായിരുന്നു സുഹാസ് ഷെട്ടി.

Related News