ഇന്ത്യയിലെ 8000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ എക്‌സ്; നടപടി കേന്ദ്ര സര്‍ക്കാരിന്റെ താക്കീതിന് പിന്നാലെ

  • 08/05/2025

സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സ്' നടപടികള്‍ ശക്തമാക്കുന്നു. ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.

സ‍ർക്കാർ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ വലിയ പിഴ ചുമത്തുമെന്നും കമ്ബനിയുടെ പ്രാദേശിക ജീവനക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമുള്ള മുന്നറിയിപ്പിനെത്തുടര്‍ന്നാണ് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ എക്‌സ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്. നടപടികള്‍ തുടങ്ങിയതായി എക്‌സ് ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് ടീം ഔദ്യോഗിക പോസ്റ്റിലൂടെ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായും എക്‌സ് പറയുന്നു.

''ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഗണ്യമായ പിഴയും കമ്ബനിയുടെ പ്രാദേശിക ജീവനക്കാര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നുമാണ് മുന്നറിയിപ്പ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍, പ്രമുഖ ഉപയോക്താക്കള്‍ തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തടയണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്. പിന്നാലെ എക്‌സ് നടപടി ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് ശക്തമായി വിയോജിക്കുന്നു'' എന്നാണ് എക്‌സ് അധികൃതരുടെ പ്രതികരണം.

Related News