'ആരും പരിഭ്രാന്തരാകേണ്ട, രാജ്യത്തെ മുഴുവന്‍ എടിഎമ്മുകളും സാധാരണ പോലെ പ്രവര്‍ത്തിക്കും'; വിശദീകരണവുമായി പിഐബി

  • 09/05/2025

പാകിസ്ഥാൻ സൈബർ ആക്രമണം കണക്കിലെടുത്ത് രാജ്യത്തെ എംടിഎം സെന്ററുകള്‍ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു. സോഷ്യല്‍മീഡിയയിലാണ് വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നത്. ഇന്ത്യയിലുടനീളമുള്ള എടിഎമ്മുകള്‍ മൂന്ന് ദിവസം അടച്ചിരിക്കുമെന്നും മെയ് 12 തിങ്കളാഴ്ചയും ഇത് ബാധകമായിരിക്കുമെന്നുമാണ് വ്യാജ വാർത്തകളില്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു നിർദേശം നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ കാര്യമാണെന്നും പിഐബി അറിയിച്ചു.

എല്ലാ എടിഎമ്മുകളും പതിവുപോലെ പ്രവർത്തിക്കും. ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും പിഐബി. 'ഡാൻസ് ഓഫ് ദി ഹിലാരി' എന്ന തലക്കെട്ടിലുള്ള വീഡിയോ അറ്റാച്ച്‌മെന്റിനെക്കുറിച്ചും വ്യാജ വിവരം പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഫോർമാറ്റ് ചെയ്യുമെന്ന് ഫോർവേഡ് പറയുന്നു. ബിബിസി റേഡിയോയാണ് ഉറവിടമായി ആരോപിക്കുന്നത്.

എന്നാല്‍ ഇക്കാര്യവും വ്യാജമാണ്. റാൻസംവെയർ ആക്രമണം ഇന്ത്യയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്നും എഴുപത്തിനാല് രാജ്യങ്ങളെ ഇത് ബാധിച്ചിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍, ഈ രണ്ട് വിവരങ്ങളും വ്യാജമാണെന്നും വസ്തുകളുടെ പിൻബലമില്ലാതെ പ്രചരിക്കുകയാണെന്നും പിഐബി വ്യക്തമാക്കി.

Related News