പാകിസ്ഥാന്‍ തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്‌നാഥ് സിങ്

  • 15/05/2025

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്‌ക്കെതിരായ ശക്തമായ നടപടിയായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും ഇന്ത്യ പോകും. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് പാകിസ്ഥാന്‍ അവസാനിപ്പിക്കണം. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യത്തോടുള്ള പ്രതിബദ്ധതയായിരുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ജമ്മു കശ്മീരില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി ബദാഗിബാഗ് കന്റോണ്‍മെന്റില്‍ സംസാരിക്കുകയായിരുന്നു.

പാകിസ്ഥാന്റെ ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തിലേക്ക് മാറ്റണമെന്ന് രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ഇത്രയും ഉത്തരവാദിത്തമില്ലാത്തതും തെമ്മാടിയുമായ ഒരു രാജ്യത്തിന്റെ കൈകളില്‍ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്ന് ലോകരാജ്യങ്ങളോട് ചോദിക്കുകയാണ്. അതിനാല്‍ പാകിസ്ഥാനിലെ ആണവായുധങ്ങളുടെ സൂക്ഷിപ്പു ചുമതല അന്താരാഷ്ട്ര ആറ്റമിക് എനര്‍ജി ഏജന്‍സി ഏറ്റെടുക്കണമെന്ന് കേന്ദ്രപ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.

Related News