കശ്മീരില്‍ ഭീകര ബന്ധമുളള 2 പേര്‍ പിടിയില്‍; കൈവശമുണ്ടായിരുന്നത് വൻ ആയുധ ശേഖരം! 2 പിസ്റ്റളുകളും 4 ഗ്രനേഡും പിടികൂടി

  • 18/05/2025

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകര ബന്ധമുളള രണ്ട് പേർ പിടിയില്‍. സി ആർ പി എഫും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. പിടിയിലായവരുടെ പക്കല്‍ നിന്നും 2 പിസ്റ്റളുകളും 4 ഗ്രനേഡുമടക്കം ആയുധ ശേഖരം കണ്ടെടുത്തു. അന്വേഷണം തുടങ്ങിയതായി ഷോപ്പിയാൻ പൊലീസ് അറിയിച്ചു. 

ഷോപ്പിയാനിലെ ഡികെ പോറയില്‍ ഇന്ത്യൻ സൈന്യത്തിന്റെ 34RR SOG ഷോപിയാനും CRPF 178 Bn ഉം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികള്‍ പിടിയിലായത്. രണ്ട് പിസ്റ്റളുകള്‍, നാല് ഗ്രനേഡുകള്‍, 43 ലൈവ് റൗണ്ട് ഉള്‍പ്പെടെ മാരകമായ വസ്തുക്കള്‍ കണ്ടെടുത്തു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഷോപ്പിയാൻ പൊലീസ് പറഞ്ഞു.

ഇതിനിടെ, ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ ഹൈദരാബാദില്‍ പിടിയിലായി. സിറാജുർ റഹ്‌മാൻ (29), സയിദ് സമീർ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസുകളുടെ കൗണ്ടർ ഇന്റലിജൻസ് സെല്‍ നടത്തിയ പരിശോധനയില്‍ ആന്ധ്രയിലെ വിഴിനഗരത്തില്‍ നിന്നാണ് സിറാജുർ റഹ്‌മാൻ പിടിയിലായത്. പിന്നാലെ ഹൈദരാബാദില്‍ നിന്ന് സമീറും അറസ്റ്റിലായി. ചോദ്യം ചെയ്യലില്‍ ഹൈദരാബാദില്‍ സ്ഫോടനം നടത്താൻ പദ്ധതിയിട്ടതായി ഇരുവരും സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

Related News