ഭര്‍ത്താവ് എപ്പോഴും ഫോണില്‍, പരീക്ഷിക്കാൻ ഭാര്യയൊരുക്കിയ കെണിയില്‍ വീണു; റസ്റ്റോറന്റിലെ 'കൂടിക്കാഴ്ചയില്‍' കുടുങ്ങി

  • 19/05/2025

എപ്പോഴും മൊബൈല്‍ ഫോണില്‍ സമയം ചിലവഴിക്കുന്ന ഭർത്താവിനെ പരീക്ഷിക്കാൻ ഭാര്യ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ സൃഷ്ടിച്ച്‌ നടത്തിയ നീക്കങ്ങള്‍ ഒടുവില്‍ പരാതിയായി പൊലീസ് സ്റ്റേഷനിലെത്തി.

മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള മധോഗഞ്ച് സ്വദേശിയായ യുവതിയാണ് താൻ കൈയോടെ പിടികൂടിയ ഭർത്താവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. മറ്റൊരു ഫോണ്‍ നമ്ബറെടുത്ത് അത് ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ ഒരു യുവതിയുടെ വിവരങ്ങള്‍ നല്‍കി വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു യുവതിയുടെ പരീക്ഷണം. അതില്‍ ഭർത്താവ് കുടുങ്ങുകയും ചെയ്തു.

സ്വകാര്യ കമ്ബനിയില്‍ ഉദ്യോഗസ്ഥനായിരുന്ന യുവാവും പരാതിക്കാരിയുമായി വിവാഹ ശേഷം കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ ബന്ധം മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ പിന്നീട് ഭർത്താവിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ യുവതി ഫോണ്‍ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും അത് പാസ്‍വേഡ് ഉപയോഗിച്ച്‌ ലോക്ക് ചെയ്തിരിക്കുകയാണെന്ന് മനസിലായി. രാത്രി വൈകിയും ഭ‍ർത്താവ് വാട്സ്‌ആപില്‍ ചാറ്റ് ചെയ്യുന്നത് കണ്ട് യുവതി വഴക്കുണ്ടാക്കിയെങ്കിലും തന്നെ സംശയിക്കരുതെന്നും തനിക്ക് മറ്റൊരുമായും ബന്ധമില്ലെന്നും ഇയാള്‍ വാദിച്ചത്രെ.

എന്നാല്‍ ഈ ഉറപ്പുകള്‍ കൊണ്ടും വിശ്വാസം വരാതെ യുവതി ഭർത്താവിനെ പരീക്ഷിക്കാൻ കെണിയൊരുക്കുകയായിരുന്നു. മറ്റൊരു ഫോണ്‍ നമ്ബർ എടുത്ത് അത് ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രൊഫൈലുണ്ടാക്കി മറ്റൊരു സ്ത്രീയെന്ന വ്യാജേന ഭർത്താവുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. താൻ അവിവാഹിതനാണെന്ന് ഇയാള്‍ ഈ പുതിയ ഓണ്‍ലൈൻ സുഹൃത്തിനോട് പറയുകയും ഇവരും തമ്മില്‍ അടുപ്പം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് ഒരു റസ്റ്റോറന്റില്‍ വെച്ച്‌ കണ്ടുമുട്ടാമെന്ന് സമ്മതിച്ചു. പുതിയ കാമുകിയെ കാണാൻ റസ്റ്റോറന്റിലെത്തിയ യുവാവിനെ കാത്തിരുന്നത് പക്ഷേ ഭാര്യ തന്നെയായിരുന്നു. 

കൈയോടെ പിടിക്കപ്പെട്ടതോടെ ഇരുവരും തമ്മില്‍ റസ്റ്റോറന്റില്‍ വെച്ച്‌ രൂക്ഷമായ വാഗ്വാദമുണ്ടായി. ഒടുവില്‍ പരാതിയായി സംഭവം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

Related News