വാഗ അതിര്‍ത്തിയിലടക്കം മൂന്നിടങ്ങളില്‍ ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങി, നാളെ മുതല്‍ പൊതുജനങ്ങള്‍ക്കും കാണാം

  • 20/05/2025

വാഗ അതിർത്തിയില്‍ അടക്കം മൂന്നിടങ്ങളില്‍ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകള്‍ ഗേറ്റുകള്‍ അടച്ചിട്ട് വീണ്ടും തുടങ്ങി. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ മെയ് 9-നാണ് വാഗാ അട്ടാരി, ഹുസ്സൈനിവാല, സാദ്ഖി എന്നീ സംയുക്ത സൈനിക പോസ്റ്റുകളിലെ ബീറ്റിംഗ് ദ റിട്രീറ്റ് ചടങ്ങുകള്‍ ബിഎസ്‌എഫ് നിർത്തിവച്ചത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി അതിർത്തിയില്‍ സമാധാനം തുടരുന്ന സാഹചര്യത്തിലാണ് ബീറ്റിംഗ് ദ റിട്രീറ്റ് വീണ്ടും തുടങ്ങിയത്. പക്ഷേ, ഗേറ്റുകള്‍ അടച്ചിട്ട നിലയിലായിരിക്കുമെന്ന് മാത്രം. നാളെ മുതല്‍ പൊതുജനങ്ങള്‍ക്കും ബീറ്റിംഗ് ദ റിട്രീറ്റ് കാണാനെത്താം.

ഇന്ന് ജമ്മു കശ്മീരില്‍ അതിർത്തിയിലെ സാഹചര്യമടക്കം ലഫ്റ്റന്‍റ് ഗവർണറുടെ നേതൃത്വത്തില്‍ യോഗം ചേർന്ന് വിലയിരുത്തി. ഇന്നലെ രാജസ്ഥാനിലെയും കച്ച്‌ മേഖലയിലെയും അതിർത്തിയിലെ സാഹചര്യം പരിശോധിച്ച സംയുക്ത സേനാമേധാവി അനില്‍ ചൗഹാനും കരസേനാമേധാവി ഉപേന്ദ്ര ദ്വിവേദിയും അതി‍ർത്തിയിലെ സൈനികരോട് ജാഗ്രത തുടരാൻ നിർദേശിച്ചു. പാകിസ്ഥാന്‍റെ ഏത് സാഹസവും ചെറുക്കാൻ ഇന്ത്യ തയ്യാറാണെന്ന് പറഞ്ഞ സംയുക്ത സൈനിക മേധാവി, ഓപ്പറേഷൻ സിന്ദൂറിലെ സൈന്യത്തിന്‍റെ ഏകോപനത്തെയും നുഴഞ്ഞുകയറ്റശ്രമങ്ങളും വ്യോമാക്രമണവും തടഞ്ഞ പോരാട്ടവീര്യത്തെയും പ്രശംസിച്ചു. 

അതിർത്തിയില്‍ അധികമായി വിന്യസിച്ച സേനകളെ ഇരുരാജ്യങ്ങളും ഘട്ടം ഘട്ടമായി പിൻവലിക്കുകയാണ്. പകുതിയോളം സൈനികർ സ്വന്തം ക്യാമ്ബുകളിലേക്ക് മടങ്ങി. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി അതിർത്തിയില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങളോ വെടിവെപ്പോ മറ്റ് പ്രകോപനങ്ങളോ ഇല്ല എന്നാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍. ഇതിന്‍റെ ഭാഗമായാണ് ബീറ്റിംഗ് ദ റിട്രീറ്റ് അടക്കമുള്ള ചടങ്ങുകള്‍ വീണ്ടും തുടങ്ങുന്നത്. അതേസമയം, അയോധ്യ അടക്കമുള്ള ആരാധനാലയങ്ങളിലും ടൂറിസം കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടാനാണ് തീരുമാനം. കഴി‌ഞ്ഞ ദിവസം അയോധ്യയില്‍ സിആർപിഎഫ് ഡിജി എത്തി സുരക്ഷ വിലയിരുത്തി. നാഗ്പൂരിലെ ആർഎസ്‌എസ് ആസ്ഥാനത്തിനും സുരക്ഷ കൂട്ടാൻ തീരുമാനമായി.

Related News