ഗുഹയില്‍ തങ്ങിയത് രണ്ടാഴ്ച; എട്ട് വര്‍ഷത്തോളം അനധികൃതമായി ഇന്ത്യയില്‍ തുടര്‍ന്ന റഷ്യൻ വനിതയെയും കുട്ടികളെയും കണ്ടെത്തിയത് ഗോകര്‍ണ വനത്തില്‍

  • 12/07/2025

ഗോകർണയിലെ രാമതീർഥ കുന്നിൻ മുകളിലെ ഗുഹയില്‍ നിന്നും റഷ്യൻ പൗരയായ യുവതിയെയും രണ്ട് പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി. വിസാ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തങ്ങിയ നിന കുറ്റിന എന്ന മോഹിയെയും കുട്ടികളെയുമാണ് പൊലീസ് രക്ഷപ്പെടുത്തിയത്. രണ്ട് ആഴ്ചയോളമാണ് പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ ഇവർ ഗുഹയില്‍ കഴിഞ്ഞത്.

ജൂലൈ ഒൻപതിന് വൈകുന്നേരം നടത്തിയ പൊലീസിന്റെ പതിവ് പട്രോളിങ്ങിനിടെയാണ് ഗുഹയില്‍ കഴിയുന്ന കുടുംബത്തെ കണ്ടെത്തിയത്. ആത്മീയമായ ഏകാന്തത തേടിയാണ് ഗോവയില്‍ നിന്നും മോഹി ഗോകർണയിലെത്തുന്നത്. തുടർന്ന് ഗുഹയിലെ താമസത്തിനിടയില്‍ മതപരമായ ആചാരകർമ്മങ്ങളും ധ്യാനവും ചെയ്തുവരികയായിരുന്നു.

ഗുഹ സ്ഥിതി ചെയ്യുന്നത് അപകടസാധ്യത ഒരുപാടുള്ള പ്രദേശത്താണെന്നും നേരത്തെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമടക്കം ഈ പ്രദേശത്തുണ്ടായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നേരത്തെയുണ്ടായ മണ്ണിടിച്ചിലിന്റെ ഭാഗമായാണ് പൊലീസ് പ്രദേശത്ത് പട്രോളിങ്ങിന് എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്ത് വിരിച്ചിട്ടിരിക്കുന്ന സാരി ശ്രദ്ധയില്‍ പെട്ട പൊലീസിന്റെ തിരച്ചിലിലാണ് ഗുഹയില്‍ കഴിയുന്ന കുടുംബത്തെ കണ്ടെത്തുന്നത്. ആറും, നാലും വയസ്സുള്ള കുട്ടികളാണ് മോഹിയുടേത്. വന്യജീവികളും ഒരുപാടുള്ള പ്രദേശത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്. കാട്ടില്‍് കഴിഞ്ഞ സമയത്ത് ഇവർക്ക് എവിടെ നിന്നാണ് ഭക്ഷണമടക്കമുള്ളവ ലഭിച്ചതെന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related News