കഠ്മണ്ടു സെമിനാറില്‍ ഇന്ത്യക്ക് മുന്നറിയിപ്പ്; പാക് ആസ്ഥാനമായ ഭീകര സംഘടനകള്‍ ആക്രമിക്കാൻ 'നേപ്പാള്‍ പാത' ഉപയോഗിച്ചേക്കാം

  • 12/07/2025

പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടാൻ നേപ്പാള്‍ പാത ഉപയോഗിച്ചേക്കാമെന്ന് മുന്നറിയിപ്പ്. ദക്ഷിണേഷ്യയിലെ സമാധാനത്തിനു നേരെയുള്ള വെല്ലുവിളികളെക്കുറിച്ച്‌ ചർച്ച ചെയ്യാൻ കാഠ്മണ്ഡുവില്‍ നടന്ന സെമിനാറില്‍ ആണ് മുതിർന്ന ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. നേപ്പാള്‍ പ്രസിഡന്റിന്റെ പ്രധാന രാഷ്ട്രീയ ഉപദേഷ്ടാവും മുൻ വ്യവസായ മന്ത്രിയുമായ സുനില്‍ ബഹാദൂർ താപ്പ ആണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

പാകിസ്ഥാൻ ആസ്ഥാനമായുള്ള ആഗോള ഭീകര സംഘടനകളായ ലഷ്‌കർ ഇ തൊയ്ബ, ജെയ്‌ഷെ ഇ മുഹമ്മദ് എന്നിവ അവരുടെ ആക്രമണങ്ങള്‍ക്ക് നേപ്പാളിനെ ട്രാൻസിറ്റ് പോയിന്റായി ഉപയോഗിക്കാൻ സാധ്യത ഏറെയാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകള്‍ നേപ്പാളിനെ പാതയായി ഇപ്പോള്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍ 40 ലധികം ഭീകരക്രമണങ്ങളില്‍ ഉള്‍പ്പെട്ട ലഷ്കർ ഇ തൊയ്ബ കൊടും ഭീകരൻ അബ്ദുള്‍ കരീം തുണ്ടയെ 2013 ല്‍ ഇന്ത്യ - നേപ്പാള്‍ അതിർത്തിയില്‍ അറസ്റ്റ് ചെയ്തത് പ്രത്യേകം ഓർക്കണമെന്നും സുനില്‍ ബഹാദൂർ താപ്പ ചൂണ്ടികാട്ടി.

ഇന്ത്യൻ മുജാഹിദീന്റെ സഹസ്ഥാപകനായ യാസിൻ ഭട്കലിനെ 2013 ല്‍ നേപ്പാള്‍ പൊലീസ് ആണ് പിടികൂടി ഇന്ത്യൻ അധികാരികള്‍ക്ക് കൈമാറിയത്. ഇങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടെന്നും സുനില്‍ ബഹാദൂർ താപ്പ വിവരിച്ചു. ഇന്ത്യയും നേപ്പാളും തമ്മില്‍ രഹസ്യാന്വേഷണം അടക്കം വിവിധ മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കണം എന്ന നിർദേശവും സെമിനാറില്‍ ഉയർന്നു.

Related News