ഗോവയ്ക്ക് പുതിയ ഗവര്‍ണര്‍, ശ്രീധരൻ പിളളയെ മാറ്റി

  • 14/07/2025

മുതിർന്ന ബിജെപി നേതാവ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണർ സ്ഥാനത്തുനിന്ന് മാറ്റി. ബിജെപി നേതാവായ അശോക് ഗജപതി രാജുവാണ് ഗോവയുടെ പുതിയ ഗവർണർ. ചെന്നൈ സ്വദേശിയായ ഇദ്ദേഹം മുൻ സിവില്‍ വ്യോമയാന മന്ത്രി കൂടിയാണ്. ശ്രീധരൻ പിള്ള കാലാവധി പൂർത്തിയാക്കിയിരുന്നു. നിലവില്‍ ശ്രീധരൻ പിളളയ്ക്ക് മറ്റ് നിയമനങ്ങളൊന്നും നല്‍കിയിട്ടില്ല. രാഷ്ട്രപതി ഭവനില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറങ്ങിയത്.

നിലവില്‍ മൂന്നിടങ്ങളിലെ ഗവർ‌ണർമാരെ മാറ്റിയിട്ടുണ്ട്. ലഡാക്കില്‍ ബി ഡി മിശ്ര രാജിവച്ച ഒഴിവില്‍ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും. ഹാഷിം കുമാർ ഘോഷാണ് ഹരിയാനയിലെ പുതിയ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻ പിള്ള 2021 ജൂലായിലാണ് ഗോവ ഗവർണറായത്.

25 വർഷത്തിലേറെയായി ആന്ധ്രാപ്രദേശ് നിയമസഭാംഗമായിരുന്നു അശോക് ഗജപതി രാജു. 13 വർഷം ആന്ധ്രാപ്രദേശ് സർക്കാറില്‍ മന്ത്രി സ്ഥാനവും വഹിച്ചിട്ടുണ്ട്. വാണിജ്യ നികുതി, എക്സൈസ്, നിയമനിർമാണ കാര്യം, ധനകാര്യം, ആസൂത്രണം, റവന്യൂ എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്. 1978ല്‍ ജനതാ പാർട്ടി സ്ഥാനാർത്ഥിയായാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. വിജയനഗരം വിധാൻ സഭാ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1982ല്‍ തെലുങ്കുദേശം പാർട്ടി രൂപീകരിച്ചപ്പോള്‍ അതില്‍ ചേരുകയും 1983, 1985, 1989, 1994, 1999, 2009 വർഷങ്ങളിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്തു. 2014ല്‍ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സുനില ഗജപതി രാജുവാണ് ഭാര്യ.

Related News