സിന്ദൂര്‍ ചര്‍ച്ചയില്‍ ശശി തരൂര്‍ ഇല്ല, താല്‍പ്പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു

  • 27/07/2025

പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്ന് തരൂര്‍ ലോക്‌സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗോഗോയിയെ അറിയിച്ചു. ഈ വിഷയത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്നും, മറ്റേതെങ്കിലും ബില്ലിന്മേല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാമെന്നും ശശി തരൂര്‍ അറിയിച്ചതായാണ് വിവരം.

ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എംപിമാരില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയാകും പ്രതിപക്ഷ നിരയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിടുക. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഇരുസഭയിലും 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി നീക്കിവെച്ചിട്ടുള്ളത്.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശരാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള ഒരു പ്രതിനിധി സംഘത്തെ നയിച്ച നേതാവ് എന്ന നിലയില്‍ തരൂരിനെ കേന്ദ്രസര്‍ക്കാര്‍ സംസാരിക്കാന്‍ ക്ഷണിച്ചേക്കുമെന്ന അഭ്യൂഹവും നിലനില്‍ക്കുന്നുണ്ട്. ലോക്‌സഭയില്‍ സംസാരിക്കാനായി സ്പീക്കര്‍ തരൂരിനെ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നിലപാട് തള്ളി, കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച്‌ ശശി തരൂര്‍ പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

Related News