ബംഗ്ലാദേശികളെന്ന് മുദ്രകുത്തി ഒഴിപ്പിക്കല്‍; ഡല്‍ഹിയിലെ 600ലധികം കുടുംബങ്ങളെ ഇരുട്ടിലാക്കി കേന്ദ്ര സര്‍ക്കാര്‍

  • 28/07/2025

ഡല്‍ഹിയിലെ 600ലധികം കുടുംബങ്ങളെ സർക്കാർ ഇരുട്ടിലാക്കിയിട്ട് മൂന്നാഴ്ച പിന്നിടുന്നു.ബംഗാളില്‍ നിന്നുള്ള മുസ്‍ലിം വിഭാഗക്കാർ കൂടുതല്‍ താമസിക്കുന്ന വസന്ത്‌‍കുഞ്ചിലെ ജയ്‌ഹിന്ദ്‌ ക്യാമ്ബിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. ബംഗ്ലാദേശികളെന്ന് മുദ്രകുത്തി ക്യാമ്ബ് ഒഴിപ്പിക്കലിന്റെ ഭാഗമായാണ് ഈ നടപടി.

വര്‍ഷങ്ങളായി കുഞ്ഞുങ്ങളുമായി ജയ്‌ഹിന്ദ്‌ ക്യാമ്ബിലാണ് കുട്ടികളുമടക്കമുള്ള കുടുംബവുമായി ഇവര്‍ താമസിക്കുന്നത്. കുടിലുകള്‍ക്കുള്ളില്‍ ഒന്ന് നേരെ നില്ക്കാൻ പോലും ഇവർക്ക് സാധിക്കില്ല. ദുരന്തങ്ങളില്‍ പൊതിഞ്ഞു ജീവിതമിങ്ങനെ ഇരുണ്ടുനില്‍കുന്നതിനിടെയാണ് ബിജെപി സർക്കാരിന്റെ ഇരുട്ടടി.

ഒരു നോട്ടീസ് പോലും നല്‍കാതെയാണ് ഇവരുടെ വീടുകളിലേക്കുള്ള വൈദ്യുതി സർക്കാർ വിച്ഛേദിച്ചത്. വൈദ്യുതി ബില്‍ അടക്കാത്തതിന്റെ പേരിലോ വൈദ്യുതി മോഷണത്തിന്റെ പേരിലോ ഒന്നുമല്ല സർക്കാറിന്റെ ഈ ഷോക്കടിപ്പിക്കല്‍. കുടിയേറ്റക്കാരെന്ന പതിവ് ആരോപണമാണ് ഇവിടെയും പറഞ്ഞത്. ഇതോടെ, കുടിലുകള്‍ ഇരുട്ടിലായി. കുട്ടികളുടെ പഠനത്തെ ബാധിച്ചു. പുറത്ത് നിന്ന് എത്തുന്ന വെള്ളം മാത്രമാണ് ഈ ചൂടില്‍ നിന്ന് ഒരു ആശ്വാസം നല്‍കുന്നത്.

ക്യാമ്ബില്‍ ബംഗാളില്‍ നിന്നുള്ള മുസ്‍ലിംകളാണ് കൂടുതലും. അതിനാല്‍ ബംഗാളി ഭാഷയാണ് സംസാരിക്കുന്നത്. ഇതാണ്, ബംഗ്ലാദേശികളെന്നും അനധികൃത കുടിയേറ്റക്കാരാണെന്നുമെല്ലാം സർക്കാർ മുദ്രകുത്താൻ കാരണം.ക്യാമ്ബിലെ പള്ളിയുടെ വൈദ്യുതിയും വിച്ഛേദിച്ചു. ഇതോടെ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ഇപ്പോള്‍ പ്രാർത്ഥന നടത്തുന്നത്. തൊട്ടടുത്തുള്ള ചെറിയ ക്ഷേത്രത്തിലും വെളിച്ചമില്ല. കോടതി ഉത്തരവ് ഉണ്ടെന്ന് പറഞ്ഞാണ് ഈ വിളക്കുകള്‍ ഭരണകൂടം അണച്ചുകളഞ്ഞത്.

Related News