'ധര്‍മ്മം' സംരക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ സുദര്‍ശന ചക്രം എടുത്തത് പോലെ; ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്‌നാഥ് സിങ്

  • 28/07/2025

'ധര്‍മ്മം' സംരക്ഷിക്കാന്‍ ഭഗവാന്‍ കൃഷ്ണന്‍ സുദര്‍ശന ചക്രം എടുത്തത് പോലെയാണ് പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 'ധര്‍മ്മം സംരക്ഷിക്കാന്‍ അവസാനം സുദര്‍ശന ചക്രം എടുക്കണമെന്ന് ഭഗവാന്‍ കൃഷ്ണനില്‍ നിന്ന് നമ്മള്‍ പഠിച്ചിട്ടുണ്ട്. 2006ല്‍ പാര്‍ലമെന്റ് ആക്രമണവും 2008ല്‍ മുംബൈ ആക്രമണവും നമ്മള്‍ കണ്ടു. ഇപ്പോള്‍ നമ്മള്‍ 'മതി' എന്ന് പറഞ്ഞ് സുദര്‍ശന ചക്രം തെരഞ്ഞെടുത്തു'- രാജ്‌നാഥ് സിങ് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാകിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സമാധാനം സ്ഥാപിക്കുന്നതിന് 2016 ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, 2019 ലെ ബാലകോട്ട് വ്യോമാക്രമണം, 2025 ലെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഒരു പാതയാണ് ഞങ്ങള്‍ സ്വീകരിച്ചത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. ചര്‍ച്ചയും ഭീകരതയും ഒരുമിച്ച്‌ പോകാന്‍ കഴിയില്ല എന്ന സന്ദേശമാണ് നല്‍കിയത്'- രാജ്‌നാഥ് സിങ് പറഞ്ഞു.

'ഇന്നത്തെ ഇന്ത്യ വ്യത്യസ്തമായി ചിന്തിക്കുകയും വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ എതിരാളി ഭീകരതയെ ഒരു തന്ത്രമാക്കി മാറ്റുകയും സംഭാഷണത്തിന്റെ ഭാഷ മനസ്സിലാക്കാതിരിക്കുകയും ചെയ്യുമ്ബോള്‍ ഉറച്ച നിലപാട് സ്വീകരിച്ച്‌ മുന്നോട്ടുപോകുക എന്ന ഏക പോംവഴിയിലാണ് വിശ്വസിക്കേണ്ടത്. ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ക്ക് ഇന്ത്യ സ്വന്തം മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു എന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയത്.

Related News