ഓപ്പറേഷന്‍ സിന്ദൂര്‍: പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; നരേന്ദ്രമോദി ഇന്ന് പ്രസ്താവന നടത്തിയേക്കും

  • 28/07/2025

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. ലോക്‌സഭയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസാരിക്കും. രാജ്യസഭയിലും ഓപ്പറേഷന്‍ സിന്ദൂറിനെപ്പറ്റി ഇന്ന് ചര്‍ച്ച നടക്കും. ഓപ്പറേഷന്‍ സിന്ദൂറിനിടെ മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഒരു ആശയവിനിമയവും നടന്നിട്ടില്ലെന്ന് ഇന്നലെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനെതിരായ സൈനികനടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇടപെട്ടെന്ന ട്രംപിന്റെ പ്രസ്താവനയില്‍ മോദി ഇന്ന് വിശദീകരണം നല്‍കിയേക്കും. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും. ഇന്നലെ ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ എംപിമാര്‍ ഇടപെട്ട് സംസാരിക്കാന്‍ ശ്രമിച്ചതില്‍ അമിത് ഷാ പ്രകോപിതനായിരുന്നു.

പ്രതിപക്ഷത്തിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് മറ്റേതെങ്കിലും രാജ്യത്തോടാണ് വിശ്വാസമെന്നും അമിത് ഷാ പറഞ്ഞു. അവരുടെ പാര്‍ട്ടിയില്‍ വിദേശത്തിന്റെ പ്രാധാന്യം എനിക്ക് മനസിലാകും. അതുകൊണ്ടാണ് അവര്‍ പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുന്നത്. അവരുടെ അംഗങ്ങള്‍ സംസാരിച്ചപ്പോള്‍ ഞങ്ങള്‍ ക്ഷമയോടെ കേട്ടിരുന്നു. അവര്‍ എത്രത്തോളം നുണകള്‍ പറഞ്ഞിട്ടുണ്ടെന്ന് ഇന്ന് വ്യക്തമാക്കാമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Related News