വെടിനിര്‍ത്തലിന് ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല; പാകിസ്ഥാന്‍ കേണപേക്ഷിച്ചു; ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; പ്രധാനമന്ത്രി

  • 29/07/2025

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളുടെ ശക്തി ലോകം കണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യന്‍ ആയുധങ്ങള്‍ പാക് ആയുധങ്ങളുടെ ശേഷിയെ തുറന്നു കാട്ടിയെന്നും ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നും പാകിസ്ഥാന്റെ അണവ ഭീഷണിക്കു മുന്നില്‍ മുട്ടു മടക്കില്ലെന്ന് നാം തെളിയിച്ചുവെന്നും മോദി പറഞ്ഞു.

പാക് വ്യോമസേനാ താവളങ്ങള്‍ ഇപ്പോഴും ഐസിയുവിലാണ്. എപ്പോള്‍, എങ്ങനെ, എവിടെ തിരിച്ചടിക്കണമെന്ന് സൈന്യത്തിന് തീരുമാനിക്കാന്‍ പൂര്‍ണ സ്വാതന്ത്യം നല്‍കി. 22 മിനിട്ടില്‍ പഹല്‍ഗാം ആക്രമണത്തിന് മറുപടി നല്‍കി. പാകിസ്ഥാന് ഒന്നും ചെയ്യാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മുന്‍പും പലതവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. പക്ഷേ, പാകിസ്ഥാന്റെ ഉള്ളില്‍ കടന്ന് കനത്ത ആക്രമണം നടത്തുന്നത് ആദ്യമാണ്. പാക്കിസ്ഥാന് ചിന്തിക്കാന്‍പോലും കഴിയാത്ത സ്ഥലങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തി. പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചെന്നും മോദി പറഞ്ഞു.

പാകിസ്ഥാന്റെ ആണവ വെല്ലുവിളി വെറുതെയാണെന്നും, ഇനി അത്തരം ഭീഷണി നടക്കില്ലെന്നും ഇന്ത്യ തെളിയിച്ചു. സംഘര്‍ഷത്തില്‍ ആധുനിക സാങ്കേതികവിദ്യയും രാജ്യം ഉപയോഗിച്ചു. ഇന്ത്യയുടെ ശക്തി ലോകം അറിഞ്ഞു. ഇന്ത്യന്‍ നിര്‍മിത ഡ്രോണുകളും മിസൈലുകളും പാകിസ്ഥാന് വലിയ നഷ്ടമുണ്ടാക്കി. നമുക്ക് മറ്റു രാജ്യങ്ങളുടെ പിന്തുണ ലഭിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ ലഭിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related News