വിഷമദ്യ ദുരന്തത്തിൽ ഞെട്ടി കുവൈത്ത്; 63 പേർക്ക് വിഷബാധയേറ്റു, മലയാളികളടക്കം 13 പേർ മരണപ്പെട്ടു

  • 14/08/2025


 
കുവൈത്ത് സിറ്റി: കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ കുവൈത്തിൽ മെഥനോൾ കലർന്ന മദ്യം കഴിച്ച് 63 പേർക്ക് വിഷബാധയേറ്റതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മുതൽ ഇന്നുവരെയുള്ള കണക്കാണിത്. ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി മന്ത്രാലയം ആശുപത്രികൾ, കുവൈത്ത് പോയ്സൺ കണ്ട്രോൾ സെന്റര്, സുരക്ഷാ ഏജൻസികൾ, മറ്റ് അധികാരികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചു. വിഷബാധയേറ്റവരിൽ 31 പേർക്ക് ശ്വാസമെടുക്കാൻ വെന്റിലേറ്റർ സഹായം വേണ്ടിവന്നു. 

51 പേർക്ക് അടിയന്തരമായി വൃക്കരോഗ ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുകയോ ഗുരുതരമായ കാഴ്ചക്കുറവ് സംഭവിക്കുകയോ ചെയ്തു എന്നതാണ് ആശങ്കാജനകമായ കാര്യം. വിഷബാധയേറ്റവരിൽ 13 പേർ മരണപ്പെട്ടു. മരണപ്പെട്ടവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. രോഗികളെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ ചികിത്സാസഹായം ഉറപ്പാക്കാൻ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിഷബാധയുടെ ലക്ഷണങ്ങൾ കാണുന്നവർ ഉടൻതന്നെ ആശുപത്രിയിലോ അംഗീകൃത ഹോട്ട്‌ലൈനിലോ വിവരം അറിയിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related News