സെൻസർ ബോർഡ് ആരോ​ഗ്യ വിദ​ഗ്ധരുടെ അഭിപ്രായം തേടണം; ഐഎംഎ

  • 02/03/2020

തിരവനന്തപുരം; അടുത്തകാലത്ത് റിലീസ് ചെയ്ത നിരവധി സിനിമകളിൽ ശാസ്ത്രീയ അടിത്തറയില്ലാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിവിധ സന്ദേശങ്ങൾ ഉൾപ്പെടുകയും, അത് കാരണം പലർക്കും ജീവഹാനിയും , ചികിത്സ ബുദ്ധിമുട്ടുകളും ഉണ്ടായ സാഹചര്യത്തിൽ സിനിമകൾ സർട്ടിഫൈ ചെയ്യുന്നതിന് മുൻപ് ചികിൽസ സംബന്ധിച്ചുള്ള രംഗങ്ങളെ കുറിച്ചു മെഡിക്കൽ ഉപദേശക സമിതിയുടെ അഭിപ്രായം തേടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.

ഇതിനായി മെഡിക്കൽ ഉപദേശക സമിതി രൂപീകരിക്കണം.

ഇത് സംബന്ധിച്ച് സെൻസർ ബോർഡിനും , ചലച്ചിത്ര വകുപ്പ് മന്ത്രിക്കും ഐഎംഎ കത്ത് നൽകി.

കുറച്ച് നാളുകൾക്ക് മുൻപ് ഇറങ്ങിയ "ജോസഫ് "എന്ന സിനിമയിലെ തെറ്റിദ്ധാരണ ജനകമായ വാർത്ത കാരണം നിരവധി ആൾക്കാർ അവയവദാനത്തിൽ നിന്നും പിന്നോക്കം പോകുകയും, അത് കാരണം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായി.

ഇപ്പോൾ റിലീസ് ചെയ്ത "ട്രാൻസ്" എന്ന ചിത്രത്തിലും മാനസിക രോ​ഗ ചികിത്സയിൽ ലോക വ്യാപകമായി ഉപയോ​ഗിക്കുന്ന ചില മരുന്നുകളെക്കുറിച്ച് വളരെ വിചിത്രവും , തെറ്റിദ്ധാരണാ ജനകവുമായ സന്ദേശങ്ങൾ നൽകുന്നതായി കാണപ്പെട്ടു. അത് കാരണം പല മാനസിക രോ​ഗികളും ചികിത്സ നിർത്തുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

അതിനാൽ ഈ സിനിമയിലെ ഇത്തരം വിവാദമായ രംഗങ്ങൾ ഒഴിവാക്കാൻ നടപടി എടുക്കണമെന്നും സെൻസർബോർഡിനോട് ഐഎംഎ സംസ്ഥാന പ്രസിഡ‍ന്റ് ഡോ. എബ്രഹാം വർ​ഗീസും, സെക്രട്ടറി ഡോ. ​ഗോപി കുമാറും ആവശ്യപ്പെട്ടു. കൂടാതെ ഇത്തരം കാര്യങ്ങൾ ഉൾപ്പെടുന്ന രംഗങ്ങൾ പ്രദർശിപ്പിക്കുന്നതിനിന് അനുമതി നൽകുന്നതിന് മുൻപ് മെഡിക്കൽ ബോർഡിഡിന്റെ ഉപദേശം തേടുന്നത് കർശനമാക്കണമെന്നും അവർ ആവശ്യപ്പെട്ടു

Related News