എഞ്ചിനീയേഴ്‌സ് ഫോറം ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

  • 04/12/2020

കുവൈറ്റ് എൻജിനീയേഴ്‌സ് ഫോറം (കെ. ഇ. എഫ്.) പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജിനെ സന്ദർശിച്ച്   പ്രവാസികൾ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്തു. 

ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ കടുത്ത മാനദണ്ഡങ്ങൾ മൂലം പ്രയാസപ്പെടുന്ന എൻജിനീയർമാരുടെയും കുടുംബങ്ങളുടെയും കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. മുൻ കാലങ്ങളിൽ NOC നിഷേധിക്കപ്പെട്ട ചില വിഭാഗം എഞ്ചിനീയർമാർക്ക് ഇപ്പോൾ വിസ പുതുക്കൽ സാധ്യമായതും നേരത്തെ ഏർപ്പെടുത്തിയിരുന്ന സമ്പൂർണ്ണ വിലക്ക് നീക്കം ചെയ്തതും  അടക്കം ഏതാനും  കാര്യങ്ങൾ എംബസ്സിയുടെ ശക്തമായ ഇടപെടലുകളിലൂടെ സാധ്യമായതിന്റെ സന്തോഷം ഭാരവാഹികൾ പങ്കുവെച്ചു. 

നാട്ടിലേക്ക് പോകുവാൻ കഴിയാതിരിക്കുന്നതും തിരിച്ച് കുവൈത്തിലേക്ക് വരാൻ നിവൃത്തി ഇല്ലാത്തതുമായ സാഹചര്യം നിരവധി പേരെ സാമ്പത്തികമായും മാനസികമായും സമ്മർദ്ദത്തിലാക്കിയ പശ്ചാത്തലത്തിൽ ഇന്ത്യ- കുവൈത്ത് വ്യോമഗതാഗതം എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുന്നത് നിരവധിയാളുകൾക്ക് ആശ്വാസമേകും എന്നതിനാൽ ആ രംഗത്ത് വേണ്ട ഇടപെടലുകൾ നടത്തുവാൻ കെ ഇ എഫ് അംബാസഡറോട് അഭ്യർത്ഥിച്ചു.
എംബസ്സിയിലെയും സേവാ കേന്ദ്രങ്ങളിലെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയും  ഉപഭോക്‌തൃസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചും ഇവിടങ്ങളിലെ  സന്ദർശനം 'മനോഹരമായ ഒരു അനുഭവം' എന്ന നിലയിലേക്ക് ഉയർത്തുവാനുള്ള ശ്രമങ്ങൾ വിജയം കണ്ടു തുടങ്ങിയതായി പ്രതിനിധികൾ സാക്ഷ്യപ്പെടുത്തി

സാമൂഹ്യ സേവന രംഗത്ത് കെ ഇ എഫ് നടത്തി വരുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അംബാസഡർ, ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് അടക്കമുള്ള സന്ദർഭങ്ങളിൽ പ്രവാസി സംഘടനകളുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിച്ചു. 

KEF ജനറൽ കൺവീനർ അബ്ദുൽ സഗീർ, നിയുക്ത കൺവീനർ ശ്യാം മോഹൻ, അനുബന്ധ അലുംനി സംഘടനകളുടെ പ്രസിഡന്റ്‌മാർ, പ്രതിനിധികൾ എന്നിവരാണ് സ്ഥാനപതിയെ സന്ദർശിച്ച കെ ഇ എഫ് സംഘത്തിൽ ഉണ്ടായിരുന്നത്.

Related News