തനിമ കുവൈത്ത് – 19-ാം ദേശീയ വടംവലി മത്സരം & 13-ാം പേൾ ഓഫ് ദി സ്കൂൾ അവാർഡ് ദാനവും നവംബർ 28-ന് സംഘടിപ്പിക്കുന്നു

  • 25/11/2025



തനിമ കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സൻസീലിയ എവർ റോളിംഗ് ട്രോഫിക്കായുള്ള 19-ാം ദേശീയ വടംവലി മത്സരം നവംബർ 28-ന് അബ്ബാസിയയിലെ ഇന്റിഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 10:00 വരെ നടക്കുമെന്ന് ഓണത്തനിമ കൺവീനർ അറിയിച്ചു. 

പ്രശസ്ത മലയാള സാഹിത്യകാരൻ പരേതനായ എം.ടി. വാസുദേവൻ നായരുടെ സ്മരണാർത്ഥമായി, മത്സരം നടക്കുന്ന വേദിക്ക് "എം.ടി. നഗർ " എന്ന് നാമകരണം ചെയ്തിട്ടുണ്ട്. മത്സരവേദി വ്യവസായിയും , ആറാം ഡാൻ ബ്ലാക്ക് ബെൽറ്റ് (ജപ്പാൻ) കരാട്ടെ വിദഗ്ധനുമായ ശ്രീ. സുരേഷ് കാർത്തിക് ഉദ്ഘാടനം ചെയ്യും. 

. പൊതുസമ്മേളനത്തിൽ പോർച്ചുഗീസ് ഇന്റർനാഷണൽ വോളിബോൾ താരം ശ്രീ. ജോസെ പെട്രോ ഗോമസ്, എൻആർഐ ടഗ് ഓഫ് വാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഹർവിന്ദർ സിംഗ് എന്നിവർക്കൊപ്പം കുവൈത്ത് സാംസ്‌കാരിക പൗരപ്രമുഖരും വിവിധ വ്യവസായികളും പങ്കെടുക്കും. 
അന്നേ ദിവസം കുവൈത്തിലെ 24 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന-പഠനേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് ഡോ. ഏ.പി.ജെ. അബ്ദുൽ കലാം ‘പേൾ ഓഫ് ദി സ്കൂൾ’ അവാർഡുകളും, കൂടാതെ യുണൈറ്റഡ് സ്കൂൾ അധ്യാപികയുടെ സ്മരണാർത്ഥം, യു.ഐ.എസിലെ ഏഴാം ക്ലാസിലെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന ‘ബിനി മെമ്മോറിയൽ അവാർഡും’ വിതരണം ചെയ്യും.
മലേഷ്യയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ നേടിയ കുവൈറ്റ് നാഷണൽ ടഗ് ഓഫ് വാർ ടീമിന് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
മാസങ്ങളോളം പരിശീലനം നടത്തിയ 20-ഓളം ടീമുകൾ പങ്കെടുക്കുന്ന ഇത്തവണത്തെ വടംവലി മമാങ്കത്തിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30-പരം താരങ്ങളും മത്സരിക്കും. ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന ഈ മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മികച്ച താരങ്ങൾക്ക് ഇന്ത്യയിലെ ദേശീയ മത്സരങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിക്കാനുള്ള അവസരവും ലഭിക്കും. 5–6 അടിയോളം ഉയരമുള്ള എവർ റോളിംഗ് ട്രോഫികൾ തനിമ വടംവലി മമാങ്കത്തിന്റെ പ്രധാന ആകർഷണമാണ്. എല്ലാ കായികപ്രേമികളെയും ഈ സൗജന്യ വടംവലി മഹാമേളയിലേക്ക് തനിമ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. 

പത്രസമ്മേളനത്തിൽ ഓണത്തനിമ കൺവീനർ ബിനിൽ സ്കറിയ, പ്രോഗ്രാം കൺവീനർ ജേക്കബ് വർഗീസ്, ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ബാബുജി ബത്തേരി, തനിമ സ്പോർട്സ് കൺവീനർ ജിൻസ് മാത്യു, തനിമ ജനറൽ കൺവീനർ ജോജിമോൻ തോമസ്, തനിമ ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം, തനിമ ട്രഷറർ റാണാ വർഗീസ്, ഓണത്തനിമ ജോയിന്റ് കൺവീനർ ഡൊമിനിക് ആന്റണി, ഓണത്തനിമ ഫിനാൻസ് കൺവീനർ ഷാജി വർഗീസ്, തനിമ ജോയിന്റ് കൺവീനർ വിജേഷ് വേലായുധൻ, എൻആർഐ ടഗ് ഓഫ് വാർ ഫെഡറെഷൻ ജനറൽ സെക്രെട്ടറി ഡി.കെ. ദിലീപ്, തനിമ ലേഡീസ് വിങ് കൺവീനർ ഉഷ ദിലീപ്, മീഡിയ കൺവീനർ മുബാറക് കാമ്പ്രത്ത് എന്നിവർ പങ്കെടുത്തു.

Related News