ഇന്ത്യൻ ജനതക്ക് കുവൈറ്റ് സമൂഹത്തിൽ സമന്വയിച്ച ആഴത്തിലുള്ള ബന്ധം - അബ്ദുൽ അസീസ് അൽദുഐജ്

  • 23/11/2025



അബ്ബാസിയ: പത്തനംതിട്ട എൻആർഐ അസോസിയേഷൻ (PNA Kuwait) കുവൈറ്റിന്റെ ഒന്നാം വാർഷികം മലനാട് മഹോത്സവം 2K25 വിപുലമായ പരിപാടികളോടെ അബ്ബാസിയ ആസ്പർ സ്കൂളിൽ നടന്നു. പ്രസിഡണ്ട്‌ അൻസാരി എ ജബ്ബാർ ന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം TIES സെന്റർ ചെയർമാനും കുവൈറ്റ് സൊസൈറ്റി ഫോർ കൾച്ചറൽ ഡയലോഗിന്റെ ബോർഡ് അംഗവുമായ അബ്ദുൽ അസീസ് അൽദുഐജ് ഉത്ഘാടനം ചെയ്തു. കുവൈറ്റും ഇന്ത്യയും തമ്മിലുള്ള ദീർഘകാലവും സൗഹാർദ്ദപരവുമായ ബന്ധത്തെ അദ്ദേഹം ഊന്നിപ്പറഞ്ഞു. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാരെന്നും, കുവൈറ്റ് സമൂഹവുമായി അവർ സമന്വയിച്ച സമാധാനപരമായ രീതിക്കും രാജ്യത്തോട് അവർക്കുള്ള ആഴത്തിലുള്ള ബന്ധത്തിനു അദ്ദേഹം നന്ദിയും പറഞ്ഞു. സാംസ്കാരിക ഇടപെടലിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് തുടരുന്നുവെന്നും, കുവൈത്തിന്റെ സാമ്പത്തിക വികസനത്തിന് ഇന്ത്യൻ സമൂഹം നൽകിയ ഗണ്യമായ സംഭാവനകളെ അഭിനന്ദിക്കുന്നതായും അബ്ദുൽ അസീസ് അൽദുഐജ് പറഞ്ഞു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഷെമീർ റഹിം സ്വാഗതം ആശംസിച്ചു. സുവനീർ പ്രകാശനം അഹമ്മദ് അൽ മഗ്‌രിബി കുവൈറ്റ് ഹെഡ് മൻസൂർ ചൂരി നിർവഹിച്ചു. അഡ്വൈസറി ബോർഡ്‌ ചെയർമാൻ അൻവർ സാരംഗ്, രക്ഷാധികാരി മുരളി എസ് പണിക്കർ എന്നിവർ സംസാരിച്ചു. 

 കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ പ്രതീകപ്പെടുത്തുന്ന പരമ്പരാഗത ചെണ്ടമേളത്തോടെയാണ് അബ്‌ദുൾ അസീസ് അൽദുഐജിനെയും, വിശിഷ്ട അതിഥികളെയും സ്വീകരിച്ചത്. തുടർന്ന് നിരവധി സാംസ്കാരിക പ്രകടനങ്ങളും കമ്മ്യൂണിറ്റി പരിപാടികളും, നാട്ടിൽ നിന്നുള്ള കലാകാരന്മാരുടെ ടീം പത്തനംതിട്ട, റഹ്മാൻ, സുമി അരവിന്ദ്, കുവൈറ്റിൽ സിംഗർ മുബാറക് അൽ റാഷിദ്‌, യെസ് ബാൻഡ്, ടീം മഹാദേവ എന്നിവർ നയിച്ച മെഗാഷോ എന്നിവയും അരങ്ങേറി. കുവൈറ്റിലെ പത്തനംതിട്ട പ്രവാസി സമൂഹത്തിന്റെ ഐക്യം, പൈതൃകം, വളർന്നുവരുന്ന സാന്നിധ്യം എന്നിവയെ ഈ പരിപാടി ഉയർത്തിക്കാട്ടി. 
ട്രഷറർ ഷാജി തോമസ്, സെക്രെട്ടറി ബിനു കെ മാത്യു, പ്രോഗ്രാം കൺവീനർ മുഹമ്മദ് ഷാൻ, എക്സിക്യൂട്ടീവ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.


Related News