ലിബറൽ ചിന്തകൾ സാമൂഹിക നാശത്തിന് വഴി തെളിക്കുന്നത് കരുതിയിരിക്കണം: ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി

  • 25/11/2025



കുവൈറ്റ് സിറ്റി: ലിബറലിസത്തിന്റെ ലേബൽ പതിച്ച് സാമൂഹികമായ കെട്ടുറപ്പിനെ അവതാളത്തിലാക്കാൻ പോന്ന പ്രതിലോമ ചിന്തകൾ നമ്മുടെ സാമൂഹിക പരിസരങ്ങളിൽ സമർത്ഥമായി ഒളിച്ചു കടത്തപ്പെടുന്നുണ്ടെന്നും, അതിനെതിരായി ജാഗ്രത കൈക്കൊള്ളേണ്ടതുണ്ടെന്നും പ്രമുഖ പ്രഭാഷകനും സുന്നി വോയ്സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി പ്രസ്താവിച്ചു.

ആരോഗ്യകരമായ സംവാദ സാധ്യതകൾ തേടുന്നതിന് പകരം, പ്രകൃതിയോടും കാലത്തോടും യോജിക്കും വിധം വ്യക്തമായ കാഴ്ച്ചപ്പാടുകൾ കൊണ്ട് സമൃദ്ധമായ ഇസ്ലാമിക മൂല്യങ്ങളെ അപഹസിച്ചു കയ്യടി നേടാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യം ഇസ്‌ലാം വിരുദ്ധതയുടെ അജണ്ട നടപ്പാക്കുന്നതിനു സാഹചര്യം ഒരുക്കുകയാണെന്ന് സമീപകാലത്തെ നിരവധി അനുഭവങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലിബറൽ കാലത്തെ മതം: വിശ്വാസം, അനുഷ്ഠാനം, ആത്മാഭിമാനം എന്ന വിഷയത്തിൽ ഐ. സി. എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യുക്തിഭദ്രവും ഏതു കാലത്തെയും അഭിസംബോധന ചെയ്യാനുള്ള ആശയ സമ്പുഷ്ടിയുമുള്ള പ്രത്യയശാസ്ത്രമാണ് വിശുദ്ധ ഇസ്ലാമെന്നും വിശ്വാസികളെ സംബന്ധിച്ചിടത്തോളം മുസ്ലിമായിരിക്കുക എന്നത് ആത്മാഭിമാനം പകർന്നു നൽകുന്ന ചരിത്രമേ ഉള്ളൂ എന്നും ഇബ്രാഹിം സഖാഫി കൂട്ടിച്ചേർത്തു. 

അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു.

മർകസ്, മഅദിൻ സ്ഥാപനങ്ങളുടെ 2026 ലെ കലണ്ടർ പ്രകാശനം സയ്യിദ് ഹബീബ് കോയ തങ്ങൾ, ഹംസ പയ്യന്നൂർ, നാസർ പെരുമ്പട്ട എന്നിവർ ചേർന്നു നടത്തി.

അഹ്മദ് സഖാഫി കാവനൂർ, ശുകൂർ മൗലവി, സയ്യിദ് സാദിഖ്‌ തങ്ങൾ, ഹൈദർ അലി സഖാഫി സംബന്ധിച്ചു, സാലിഹ് കിഴക്കേതിൽ സ്വാഗതവും റസാഖ് സഖാഫി നന്ദിയും പറഞ്ഞു.

Related News