ക്രെഡിറ്റ് കാർഡ് തട്ടിപ്പ് വ്യാപകം: മുന്നറിയിപ്പുമായി അധികൃതര്‍

  • 06/09/2020



കുവൈത്ത് സിറ്റി : രാജ്യത്ത് ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം മോഷ്ടാക്കളുടെ സംഘത്തിന്‍റെ വലയില്‍  കുവൈത്തി പൗരനാണ് കുടുങ്ങിയത്. ഈ ആഴ്ചയിലെ തന്നെ രണ്ടാമത്തെ സംഭവമാണിത്. പരിചയമില്ലാത്ത രണ്ട് വ്യത്യസ്ത നമ്പറുകളിൽ നിന്നും തന്നെ വിളിച്ച് ബാങ്കിലെ ജോലിക്കാരനാണെന്ന് പരിചയപ്പെടുത്തിയ മോഷ്ടാക്കള്‍ തന്‍റെ മൊബിലിലേക്ക് ഒരു കോഡ് അയക്കുകയും അവര്‍ അത് ആവശ്യപ്പെട്ടതിന് ശേഷം നല്‍കുകയുമായിരുന്നു. 

സംശയത്തെ തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ തന്‍റെ അക്കൗണ്ടിൽ നിന്നും 12,000 ദിനാർ നഷ്ടപ്പെട്ട വിവരം അറിയുകയായിരുന്നുമെന്ന് അദ്ദേഹം പോലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു . നേരത്തെ ക്രെഡിറ്റ് കാർഡ് പുതുക്കാനെന്ന വ്യാജേന ബന്ധപ്പെട്ട സംഘം  സ്വദേശി സ്ത്രീയുടെ  അക്കൗണ്ടിൽ നിന്നും  2,499 ദിനാറും മോഷ്ടിച്ചിരുന്നു.  

പ്രാദേശിക ബാങ്കുകളിലെ ജോലിക്കാരാണെന്ന് അവകാശപ്പെട്ട് വിളിക്കുന്നവര്‍ക്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട യാതൊരു  വിവരവും നല്‍കുതരെന്നും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ബാങ്കുമായോ പോലീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.  

അതോടപ്പം ഇ-കൊമേഴ്‌സ് വെബ് സൈറ്റുകളിലൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാട് നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഉപഭോക്താവ് ഷോപ്പിങ് വെബ് സൈറ്റ് പണമിടപാടു നടത്താൻ ഉപയോഗിക്കുന്ന   ഇടനിലക്കാരായ സൈറ്റുകൾ വഴി  ഉപഭോക്താവിന്‍റെ  ക്രെഡിറ്റ് കാർഡ് നമ്പരും മറ്റ് വിവരങ്ങളും ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സൈബർ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Related News