സേവന വീഥിയില്‍ വിസ്മയമായി നാല് പതിറ്റാണ്ട്

  • 17/12/2020

നന്മകള്‍ പൂക്കുന്ന മരങ്ങളുടെ സുഗന്ധവും തണലും സമൂഹത്തിനെന്നും ഒരാശ്വാസമാണ്. നാല് പതിറ്റാണ്ടോളമായി കുവൈത്തിന്റെ പ്രവാസ ഭൂമികയില്‍ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലൂടെ നന്മയുടെ പരിമളം പരത്തിയ മഹദ് വ്യക്തിത്വം..കുവൈത്തിലെ കൊയിലാണ്ടി സ്വദേശികളുടെയെല്ലാം അഭിമാനമായ പ്രിയപ്പെട്ട സാലിഹ് ബാത്ത സാഹിബ്...

തന്റെ സ്വപ്നങ്ങള്‍ക്കെല്ലാം നിറം പകര്‍ന്ന് ആത്മ നിര്‍വൃതിയോടെ പ്രവാസ ജീവിതത്തിന് വിരാമം കുറിക്കുകയാണ്. സാര്‍ഥകമായൊരു പ്രവാസ ജീവിതം കെട്ടിപ്പടുക്കാനും, എല്ലാ മേഖലകളിലും വിജയം കൈവരിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയ ഘടകങ്ങള്‍ എന്തൊക്കെയാണ്? ഏതൊരു പൊതുപ്രവര്‍ത്തകനും പ്രചോദനമാകുന്ന അനുകരണീയമായ ആ ജീവിതാനുഭവങ്ങളിലൂടെ നമുക്കും ഒരു യാത്രയാകാം.

1981 നവംബര്‍ 11 ന് മനസ്സ് നിറയെ കുന്നുകൂട്ടിയ പ്രതീക്ഷകളുടെ ചിറകിലേറിയാണ് അദ്ദേഹം ആദ്യമായി കുവൈത്തിന്റെ
മണലാരിണ്യത്തില്‍ പറന്നിറങ്ങുന്നത്.

കുവൈത്തിലെത്തി ജോലി തേടിയുളള അന്വേഷണങ്ങള്‍ തുടങ്ങുന്നതിന് മുമ്പേ ആദ്യമായി പങ്കെടുത്തത് ഒരു സംഘടനയുടെ മീറ്റിംഗിലായിരുന്നു. നാല് പതിറ്റാണ്ടിന് ശേഷം KNPC യിലെ സേവനം അവസാനിപ്പിച്ച് നാടണയാനൊരുങ്ങി
നില്‍ക്കുമ്പോഴും അദ്ദേഹം അത്തരം സേവന പ്രവര്‍ത്തനങ്ങളുമായി പ്രയാണം തുടരുകയാണ്.

താനെന്നും നെഞ്ചോട് ചേര്‍ത്തു പിടിക്കുന്ന ഹരിതരാഷ്ട്രീയത്തിന്റെ ഭാഗമായി Kuwait KMCC യിലൂടെയായിരുന്നു അദ്ദേഹം തന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭം കുറിച്ചത്. ഫഹാഹീല്‍ ബ്രാഞ്ച് ജഃസെക്രട്ടറിയായും, പിന്നീട് നാഷണല്‍ കമ്മിറ്റി സെക്രട്ടറിയുമായൊക്കെ പ്രവര്‍ത്തിച്ചു പോന്നു. ക്രിയാത്മകമായ പല നിര്‍ദ്ദേശങ്ങളും നല്‍കി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇന്ത്യന്‍ എംബസ്സിയുടെ സേവനങ്ങള്‍ വൈകുന്നേരങ്ങളില്‍ ലഭ്യമാക്കണമെന്ന പൊതുവായ ആവശ്യം അദ്ദേഹം ഉള്‍പ്പെട്ട കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തതനുസരിച്ച് അന്നത്തെ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിക്ക് KKMCC നിവേദനം നല്‍കുകയും അത് പിന്നീട് നടപ്പിലാകുകയും ചെയ്തു. 

അന്നത്തെ കാലത്ത് കുവൈറ്റിലെ മലയാളി സംഘടനകളുടെയെല്ലാം കൂട്ടായ്മയായ യുണൈറ്റഡ് മലയാളി ഓര്‍ഗണൈസേഷന്റെ (UMO) സ്ഥാപക നേതാക്കളിലൊരാളായി, സംഘടനയുടെ സാഹിത്യ സമാജ വേദികളിലെല്ലാം നിറസാന്നിധ്യവുമായിരുന്നു.

സേവന തത്പരരായ നാട്ടുകാരെയെല്ലാം കോര്‍ത്തിണക്കി കൂട്ടായ്മകളുണ്ടാക്കി അദ്ദേഹം നമ്മുടെ നാടിനും നാട്ടുകാര്‍ക്കും വേണ്ടി ചെയ്ത സേവനങ്ങള്‍ നിരവധിയാണ്. Federation of Indian Muslim Associations (FIMA), MES കുവൈറ്റ് ചാപ്റ്റര്‍ തുടങ്ങിയ സംഘടനകളുടെയെല്ലാം രൂപീകരണത്തിന് നേതൃപരമായ പങ്കുവഹിച്ചിരുന്നു. എങ്കിലും വിവാദങ്ങളോടും, സെല്‍ഫ് പബ്ലിസിറ്റിയോടും സമദൂരം പാലിച്ച് ഏവര്‍ക്കും മാതൃകയായി.

കൊയിലാണ്ടിയിലെ മത സാമൂഹിക വിദ്യാഭ്യാസ മേഖലകളിലെ ഉന്നമനത്തിന് വേണ്ടിയും, മറ്റു ജീവ കാരുണ്യ രംഗങ്ങളിലും സ്തുത്യര്‍ഹമായ സേവനം നടത്തിക്കൊണ്ടിരിക്കുന്ന  
കൊയിലാണ്ടി മുസ്ലിം ചാരിറ്റബിള്‍ സൊസൈറ്റിയുടെ (KMCS) സ്ഥാപക ജഃ സെക്രട്ടറിയും നിലവിലെ മുഖ്യരക്ഷാധികാരിയുമാണ്.

അശരണരും,വൃദ്ധരും,രോഗികളും, അംഗപരിമിതരും, ഭിന്നശേഷിക്കാരും തുടങ്ങി സമൂഹത്തിന്റെ സ്നേഹവും പരിഗണനയും ലഭിക്കാതെ അവഗണിക്കപ്പെടുന്ന മനുഷ്യര്‍ക്ക് മുമ്പില്‍ സാന്ത്വനമായി, പരിചരണമായി, ശാക്തീകരണമായി, സര്‍വ്വോപരി കാരുണ്യത്തിന്റെ കൈത്താങ്ങായി നില കൊള്ളുന്ന നിയാര്‍ക്കിന്റെ ഗ്ലോബല്‍ കമ്മിറ്റി വൈസ് ചെയര്‍മാനും, കുവൈറ്റ് ചാപ്പ്റ്ററിന്റെ സ്ഥപക നേതാവും, കരുത്തനായ കാര്യ ദര്‍ശിയുമാണ്.

പുഞ്ചിരി തൂകുന്ന മുഖവുമായി ഹൃദയം കൊണ്ടുള്ള സംസാര രീതി ആരിലും സ്വാധീനം ചെലുത്തുന്നതും ഊര്‍ജ്ജം പകരുന്നതുമാണെന്നത് ഇടപഴകിയവരുടെയെല്ലാം നേര്‍സാക്ഷ്യമാണ്.

ഉന്നതമായ ധാര്‍മ്മിക ബോധവും, ഉയര്‍ന്ന ചിന്തകളും, സേവന സന്നദ്ധതയും ഉദാരമനസ്കതയും, ആരെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന വ്യക്തി പ്രഭാവവും, സംഘാടക മികവും, തന്റെ ജോലിയിലുള്ള ആത്മാര്‍ത്ഥതയും, സമര്‍പ്പണവും പ്രതിസന്ധി ഘട്ടങ്ങളിലും അചഞ്ചലനായി മുന്നോട്ട് നയിക്കാനുള്ള കഴിവും, സാമ്പത്തിക ശേഖരണത്തിനുള്ള പ്രാപ്തിയുമെല്ലാം അദ്ദേഹത്തിന്റെ വിജയത്തിന് നിദാനമായ സ്വഭാവ ഗുണങ്ങളായിരുന്നു.

എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന നേതാക്കളില്‍ നിന്നും വിഭിന്നമായി, കുവൈത്തില്‍ ജോലി ചെയ്യുന്ന മക്കളായ റെയീസ് ബാത്തയെയും, റമീസ് ബാത്തയെയും സേവന പാതയില്‍ നിലയുറപ്പിച്ചുവെന്നത് അദ്ദേഹം എന്ന പിതാവിന്റെ കൂടി വിജയമാണ്. കുവൈത്ത് KMCC സീനിയര്‍ നേതാവും, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ ബഷീര്‍ ബാത്തക്കും അദ്ദേഹമെന്ന ജ്യേഷ്ഠ സഹോദരന്‍ എന്നും ഒരു പ്രചോദനമായിരുന്നു. ജീവിച്ചിരിക്കുന്നവരും  മണ്‍മറഞ്ഞവരുമായ നിരവധി സഹപ്രവര്‍ത്തകരുമായുളള സൗഹൃദവും സഹകരണവും ഇന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ തിരതല്ലുകയാണ്.

നമ്മുടെ ലക്ഷ്യങ്ങള്‍ സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമായി പരിമിതപ്പെടുത്തരുത്. സമൂഹത്തിന്റെ പൊതു നന്മക്ക് വേണ്ടിയുളള  പ്രവര്‍ത്തനങ്ങളും  പ്രയത്നങ്ങളുമുണ്ടാവണം. നന്മ നിറഞ്ഞ ഇത്തരം പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങള്‍ നമ്മുടെ ജീവിതത്തിലും സമൂഹത്തിലും വലിയ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുമെന്നത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്രവാസ ജീവിതത്തിന്റെ സാധ്യതകളെയെല്ലാം ഉപയോഗപ്പെടുത്തി അതിന്റെ എല്ലാ പരിമിതകളെയും അതിജീവിച്ച്, സേവന വീഥിയില്‍ വിസ്മയം സൃഷ്ടിച്ചാണ് അദ്ദേഹം പ്രവാസത്തിന് വിരാമം കുറിച്ച് പോറ്റുനാടിനോട് വിട പറയുന്നത്. തന്റെ സഹപ്രവര്‍ത്തകരുടെയെല്ലാം ഹൃദയാന്തരങ്ങളില്‍ കോറിയിട്ട ഒരിക്കലും വിസ്മരിക്കാനാവാത്ത നന്മ നിറഞ്ഞ ഓര്‍മ്മകളാണ് അദ്ദേഹത്തിന്റ ഏറ്റവും വലിയ സമ്പാദ്യം. നാഥന്‍ സ്വീകരിക്കട്ടെ!

നിസാര്‍ അലങ്കാര്‍-കുവൈത്ത്

Related News