പിപി സുബൈർ രചിച്ച 'സുലൈമാൻ സേട്ട്' അനുസ്‌മരണ ഗാനം പ്രകാശനം ചെയ്തു.

  • 19/10/2020

മൂന്നര പതിറ്റാണ്ട് ഇന്ത്യൻ പാർലമെന്റംഗവും ഇന്ത്യൻ നാഷ്ണൽ ലീഗ് സ്ഥാപക അധ്യക്ഷനായിരുന്ന മർഹൂം ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിനെ അനുസ്മരിച്ചുകൊണ്ട് പി.പി സുബൈര്‍ ചെറുമോത്ത് രചിച്ച് ഐഎംസിസി ജിസിസി കമ്മറ്റി നിർമ്മിച്ച ഗാനോപഹാരം ചരിത്രകാരനും 'മോയിൻകുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി' ചെയർമാനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി പ്രാകാശനം ചെയ്തു. ഫസൽ നാദാപുരം സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം.എ ഗഫൂറാണ്. 

ന്യൂനപക്ഷ ദളിത് ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിന് വേണ്ടി ആത്മാർത്ഥമായി, ആദർശാധിഷ്ഠിതമായി പ്രവർത്തിച്ച നേതാവായിരുയിരുന്നു സേട്ട് സാഹിബെന്ന് ഹുസ്സൈൻ രണ്ടാത്താണി അനുസ്മരിച്ചു. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിലും സുലമാണ് സേട്ടിന്റെ നിലപാടുകൾ ഏറെ ചർച്ചചെയ്യപ്പെടുന്നതിനാൽ ഈ ഗാനോപഹാരത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐഎംസിസി ജിസിസി ചെയർമാൻ സത്താർ കുന്നിൽ അദ്യക്ഷതവഹിച്ചു.

'ഓർമ്മകളിലെ സേട്ട് സാഹിബ്' എന്ന വിഷയത്തിൽ 'സൗദി ഗസറ്റ്' സീനിയര്‍ ജേണലിസ്റ്റും സുലൈമാൻ സേട്ട് ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമായ ഹസന്‍ ചെറൂപ്പ സംസാരിച്ചു. വർത്തമാന ഇന്ത്യയില്‍ മുസ്ലിം, ദളിത്, ജനവിഭാഗങ്ങളുടെ നിലവിളികള്‍ ദിഗന്തങ്ങള്‍ ഭേദിക്കുന്ന കാഴ്ചയാണ് നാം കൊണ്ടിരിക്കുന്നതെന്നും നവ ഫാഷിസ്റ്റ് ശക്തികളുടെ തേരോട്ടത്തില്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ മരണ മണിമുഴക്കമാണ് കേൾക്കുന്നതിന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അവരുടെ രോദനങ്ങളും കേൾക്കാൻ സുലൈമാന്‍ സേട്ടിനെ പോലുള്ള ഒരു നേതാവില്ലാതെ പോയതാണ് ഇന്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നും ഹസന്‍ ചെറൂപ്പ അഭിപ്രായപ്പെട്ടു.

ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡണ്ട് പ്രൊ. എ.പി അബ്ദുല്‍ വഹാബ്, വൈസ് പ്രസിഡണ്ട് സി.എച്ച് മുസ്തഫ എന്നിവര്‍  ചടങ്ങിന് ആശംസകള്‍ നേർന്നു.'മാപ്പിളപ്പാട്ടിന്റെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസല്‍ എളേറ്റില്‍ സംസാരിച്ചു. അർത്ഥസമ്പുഷ്ടമായ വരികളിലൂടെയുള്ള നല്ല ഗാനങ്ങളിലൂടെ സേട്ടു സാഹിബിനെപ്പോലുള്ള മഹത്തുക്കളുടെ  ഓർമ്മകളും നിലപാടുകളും പുനഃസൃഷ്ടിക്കാനും അവരെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും ഗാന രചയിതാക്കൾക്ക് കഴിയണം എന്ന് ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു. പ്രശസ്തമായ മാപ്പിളപ്പാട്ട് വരികളുടെ ആശയങ്ങളും  അദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.

പരിപാടിയുടെ ഭാഗമായി ഗായകരായ എം.എ ഗഫൂര്‍ എടവണ്ണ, എന്‍.കെ മെഹ്‌റിന്‍, ഫസല്‍ നാദാപുരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനവിരുന്ന് നടന്നു.വിവിധ ഗൾഫ് ഐ.എം.സി.സി കമ്മറ്റികളെ പ്രതിനിധീകരിച്ച് സയ്യിദ് ഷാഹുൽ ഹമീദ്, എൻ.എം അബ്ദുല്ല, എ.എം അബ്ദുള്ളകുട്ടി, മൊയ്തീൻകുട്ടി പുളിക്കൽ, ഹനീഫ് അറബി, ഹമീദ് മധൂര്‍, ഷെരീഫ് കൊളവയല്‍, അബ്ദുൽ റഹിമാൻ കാളമ്പ്രാട്ടിൽ, യു. റൈസൽ വടകര, റിയാസ് തിരുവനന്തപുരം, കാസിം മലമ്മല്‍, ബഷീർ കൊടുവള്ളി, എന്നിവര്‍ സംസാരിച്ചു. ജിസിസി ഐഎംസിസി ജനറല്‍ കൺവീനർ ഖാന്‍ പാറയില്‍ സ്വാഗതവും മുഫീദ് കൂരിയാടന്‍ നന്ദിയും പറഞ്ഞു.

Related News