പ്രവാചകന്റെ ജീവിത ദര്‍ശനങ്ങള്‍ മാതൃകയാക്കുകഃ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

  • 19/10/2020

കുവൈത്ത് സിറ്റി : അക്രമവും അധാര്‍മ്മികതയും നടമാടുകയും, ഭരണകൂടങ്ങളില്‍ നിന്നു പോലും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ പുണ്യ പ്രവാചകന്റെ ജീവിത ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. 

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ  "തിരുനബി ജീവിതം: സമഗ്രം സമ്പൂർണ്ണം" എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന 'മീലാദ് കാമ്പയിൻ 2020' ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ക്ക് തിരു ദൂതരില്‍ ഉത്തമമായ മാതൃകയുണ്ടെന്ന ഖുര്‍ആനിക വചനം നമുക്ക് പ്രചോദനമാകണം. സമസ്ത ലോകങ്ങള്‍ക്കും അനുഗ്രഹമായി അയക്കപ്പെട്ട തിരുനബിയുടെ  മഹത്തായ അധ്യാപനങ്ങളെ സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കാനും,  പ്രവാചകന്റെ ചര്യകളെ പിന്‍പറ്റി കൂടുതല്‍ സ്നേഹം പ്രകടിപ്പിക്കാനും നബിദിനാഘോഷ പരിപാടികളിലൂടെ നമുക്ക് സാധിക്കുന്നു.

കുടുംബനാഥന്‍, ന്യായാധിപന്‍, അധ്യാപകന്‍, തുടങ്ങിയ ജീവിതത്തിന്റെ നിഖില മേഖലകളിലും മാതൃകയായിരുന്ന അവിടുത്തെ സമഗ്രവും,സമ്പൂര്‍ണ്ണവുമായ ജീവിതരീതികളെ ഉള്‍ക്കൊള്ളാനും നമ്മുടെ ജീവിതത്തില്‍ പകര്‍ത്താനും 
നമുക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡണ്ട് ഇല്യാസ് മൗലവി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ പ്രമേയ പ്രഭാഷണം അവതരിപ്പിച്ചു. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള പ്രാര്‍ത്ഥന നിര്‍വഹിച്ചു. ജഃസെക്രട്ടറി സൈനുല്‍ ആബിദ്  ഫൈസി കാമ്പയിന്‍ പരിപാടികള്‍ പരിചയപ്പെടുത്തി. കേന്ദ്ര സെക്രട്ടറിമാരായ മുഹമ്മദലി പുതുപറമ്പ് സ്വാഗതവും നിസാര്‍ അലങ്കാര്‍ നന്ദിയും പറഞ്ഞു.

Related News