കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ്: മലയാളികള്‍ അടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമാകും

  • 20/02/2021

കുവൈറ്റ് സിറ്റി: മാസങ്ങളായി  കുവൈത്തിലേക്ക് മടങ്ങാനാകാതെ തങ്ങളുടെ രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികള്‍ക്ക് ആശ്വാസമായി കുവൈത്ത് ഡിജിസി‌എയുടെ ഉത്തരവ് പുറത്തെറങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര നിരോധനം ഏര്‍പ്പെടുത്തിയത്. നേരിട്ട് വിമാന സര്‍വ്വീസുകള്‍ നിലച്ചത് മൂലം അവധിക്ക് നാട്ടില്‍ പോയി കാലാവധി കഴിഞ്ഞും കുവൈത്തിലേക്ക് മടങ്ങാനാകാത്ത മലയാളികള്‍ ആയിരക്കണക്കിന് വിദേശികളാണ് ബുദ്ധിമുട്ടിയത്.  വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി 14 ദിവസം താമസിച്ചാണ് ഇന്ത്യക്കാര്‍ കുവൈത്തിലേക്കെത്തിയിരുന്നത്. നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വലിയൊരു ആശ്വാസമാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്. 

പുതിയ തീരുമാന പ്രകാരം ഉയർന്ന കോവിഡ്  അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നും  നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ എത്തുന്ന എല്ലാ വിമാന  യാത്രക്കാരും യാത്രക്ക് മുമ്പായി കുവൈറ്റ് മൊസാഫര്‍ പ്ലാറ്റ്ഫോമില്‍  രജിസ്റ്റർ ചെയ്യകയും  14 ദിവസത്തേക്ക് സ്വന്തം ചെലവിൽ  ഹോട്ടലിൽ ഇന്‍സ്റ്റിട്യൂഷന്‍ ക്വാറന്‍റൈന്‍ അനുഷ്ഠിക്കുകയും വേണം. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരും കുവൈറ്റ് മൊസാഫര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കിലും ഏഴ് ദിവസം സ്വന്തം ചെലവില്‍ ഹോട്ടല്‍ ക്വാറന്റീനിലും ഏഴ് ദിവസം ഹോം ക്വാറന്റീനിലും കഴിയണം. വിമാനത്താവളത്തിലും, ഏഴാം ദിവസവും ആര്‍ടി പിസിആര്‍ പരിശോധന നടത്തണം. നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനായി 43 ഹോട്ടലുകളാണ് സജ്ജമാക്കിയിരിക്കുന്നത്. www.kuwaitmosafer.com എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഹോട്ടലുകള്‍ ബുക്ക് ചെയ്യേണ്ടത്. ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് ക്വാറന്റീന്‍ സൗകര്യത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ആറ് രാത്രിയിലേക്കും ഏഴ് പകലിലേക്കും 120 ദിനാര്‍ മുതല്‍ 330 ദിനാര്‍ വരെയാണ് നിരക്ക്. 

നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഏഴ് മുതല്‍ കുവൈത്തിലേക്ക് മടങ്ങിയെത്തുവാന്‍ അനുമതി നല്കിയിരുന്നു.രാജ്യത്തെ  ഗാര്‍ഹിക മേഖലയില്‍ തൊഴിലാകികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്. വിസ സാധുതയുള്ള ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ വിദേശത്തുണ്ടെന്നാണ് കണക്ക്. തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ താത്പര്യമുള്ള സ്‍പോണ്‍സര്‍മാര്‍ ബസ്ലാമ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. 

അതിനിടെ നേരത്തെ കോവിഡ് പാശ്ചാത്തലത്തില്‍ നടപ്പിലാക്കിയ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടോയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ രാജ്യത്തേക്ക്  ​പ്രതിദിനം സ്വീകരിക്കുന്ന വിമാന യാത്രക്കാരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തിയത് രൂക്ഷമായ  ടിക്കറ്റ്​ ക്ഷാമത്തിന്​ കാരണമായിരുന്നു. ഫെബ്രുവരി ആറുവരെയാണ്​ നിയന്ത്രണം ഏർപ്പെടുത്തിതെങ്കിലും അത് വീണ്ടും നീട്ടുകയായിരുന്നു. അതോടപ്പം ഓരോ രാജ്യത്തിനും ക്വാട്ട നിശ്ചയിച്ചതും ടിക്കറ്റ് നിരക്ക് ഉയരുവാന്‍ കാരണമായി. എങ്കിലും ഇടത്താവളത്തില്‍ 14 ദിവസം താമസിച്ച് കുവൈത്തിലേക്ക് പ്രവേശിക്കേണ്ട  അവസ്ഥയില്‍ നിന്നും മോചിതരായ സന്തോഷത്തിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. 

UPDATE : -

Related News