ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയെ സന്ദർശിച്ചു.

  • 20/10/2020

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജിനെ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) ഭാരവാഹികൾ സന്ദർശിച്ചു. ജെ ഇ ഇ പരീക്ഷ സെന്റർ കുവൈത്തിൽ ആരംഭിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുക, വിവിധ കേസുകളിൽ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരെ നിയമപരമായി സഹായിക്കുന്നതിനായി ലീഗൽ ക്ലിനിക്ക് ആരംഭിക്കുക, കുവൈത്തിലേക്ക് തിരിച്ചു വരാൻ കഴിയാതെയിരിക്കുന്നവരുടെ തൊഴിൽ പ്രശ്നങ്ങളിൽ ഇടപെടുക, ജയിലിലെ തടവുകാരുടെ കൈമാറ്റം, ഔട്ട് പാസ് ലഭിച്ചിട്ടും രാജ്യം വിടാൻ സാധിക്കാത്തവർക്കായി വീണ്ടും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുവാനുള്ള ഇടപെടലുകൾ തുടങ്ങി ഇന്ത്യക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഫോക്ക് പ്രതിനിധികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപെടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി. കഴിഞ്ഞ കാലങ്ങളിൽ ഫോക്ക് നടത്തിയ പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസ്സഡറെ ധരിപ്പിച്ചു. കുവൈത്തിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ വനിതാ തടവുകാർക്ക് എംബസ്സി നൽകാറുണ്ടായിരുന്ന ധനസഹായം നിർത്തലാക്കിയതിനെതിരെ ഫോക്ക് നൽകിയ നിവേദനത്തിൽ അടിയന്തിരമായി നടപടിയെടുത്ത അംബാസ്സഡർക്ക് നന്ദി രേഖപ്പെടുത്തിയ ഫോക്ക് പ്രതിനിധികൾ എംബസ്സിയിൽ ഏർപ്പെടുത്തിയ ഭരണ പരിഷ്കാരങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി, ജനറൽ സെക്രട്ടറി സലീം എം.എൻ, ട്രഷറർ മഹേഷ് കുമാർ, അഡ്മിൻ സെക്രട്ടറി ശ്രീഷിൻ എം.വി, മെമ്പർഷിപ്പ് സെക്രട്ടറി ലിജീഷ് പി, വനിതാവേദി ചെയർപേഴ്സൺ രമ സുധീർ എന്നിവരാണ് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷന് വേണ്ടി സ്ഥാനപതിയെ സന്ദർശിച്ചത്.

Related News