പ്രവാചകന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിതം മാതൃകാപരം : അഡ്വഃ ഓണമ്പിള്ളി മുഹമ്മദ് ഫൈസി

  • 30/10/2020

കുവൈത്ത് സിറ്റി : തന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിത മാതൃകയിലൂടെ ഒരു ജനതയെ മുഴുവന്‍ ഭൗതികവും ആത്മീയവുമായ  സാംസ്കാരിക പുരോഗതിയിലേക്ക് നയിക്കാന്‍  പ്രവാചകന് സാധിച്ചിരുന്നെന്ന് 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എറണാകുളം ജില്ല ജനറൽ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ 'തിരുനബി ജീവിതം: സമഗ്രം സമ്പൂർണ്ണം' എന്ന ശീര്‍ഷകത്തില്‍ നടത്തി വരുന്ന മീലാദ് കാമ്പയിനോടനുബന്ധിച്ച *ഗ്ലോബൽ മീലാദ് കോൺഫറൻസില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഒരു ജനതയുടെ അപഥ സഞ്ചാരങ്ങളെ ആദ്ധ്യാത്മികമായ ശിക്ഷണം കൊണ്ട് സമഗ്രമായ മാറ്റത്തിന് വിധേയമാക്കിയ പ്രവാചകന്‍ നന്മയുടെ പൂര്‍ത്തീകരണമായിരുന്നു ലക്ഷ്യം വെച്ചിരുന്നത്.

മാനവ ചരിത്രത്തില്‍ ഇത്രയധികം അനുധാവനം ചെയ്യപ്പെട്ട മറ്റൊരു വ്യക്തിത്വവും ഉണ്ടായിട്ടില്ലെന്നാണ് പ്രവാചകനെ കുറിച്ച് പഠിച്ച ചരിത്രകാരന്‍മാര്‍ പോലും വിലയിരുത്തിയത്.

സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍  നടത്താന്‍ ഭരണകൂടങ്ങള്‍ ശ്രമിക്കുന്ന ഈ കാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും  ബഹുമാനവും അവകാശ സംരക്ഷണങ്ങളും നല്‍കുന്ന പ്രവാചക ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. 

തന്നെ അക്രമിച്ചവര്‍ക്കും  അവഹേളിച്ചവര്‍ക്കുമെല്ലാം മാപ്പ് നല്‍കിയിരുന്ന  തിരു നബി (സ) തങ്ങളുടെ, ഇതര മതസ്തരോടും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള സൗമ്യവും നീതിപൂര്‍ണ്ണവുമായ സമീപനം ആധുനിക ലോകം മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ കെ.ഐ.സി പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉത്ഘാടനം നിര്‍വഹിച്ചു. സയ്യിദ് പൂക്കോയ തങ്ങൾ (പ്രസിഡണ്ട് UAE  സുന്നി കൗൺസിൽ) പ്രാര്‍ത്ഥന നടത്തി.

ഡോ. അബ്ദുറഹ്മാൻ മൗലവി ഒളവട്ടൂർ (ജനറൽ സെക്രട്ടറി,UAE സുന്നി കൗൺസിൽ), അബ്ദുസ്സലാം ഹാജി കാഞ്ഞിപ്പുഴ (ആക്ടിംഗ് പ്രസിഡണ്ട് , മസ്കറ്റ് സുന്നി സെന്റർ), കാസിം റഹ്മാനി (ആക്ടിംഗ് സെക്രട്ടറി ,സമസ്ത ബഹ്റൈൻ), എ വി അബൂബക്കർ അൽഖാസിമി (പ്രസിഡന്റ്, ഖത്തർ കേരള ഇസ്ലാമിക് സെന്റർ), സയ്യിദ് ഉബൈദുല്ലാഹ് തങ്ങൾ അൽ ഹൈദ്രൂസി (പ്രസിഡണ്ട്, സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റി), വി.പി.സലാം ഹാജി ചിയ്യൂര് (ജ:സെക്രട്ടറി ,സലാല കേരള സുന്നി സെൻ്റർ തുടങ്ങിയ നേതാക്കന്‍മാര്‍ ആശംസകളര്‍പ്പിച്ചു. ജ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

Related News