കേരളപ്പിറവിയോടനുബന്ധിച്ച് കരിങ്കുന്നം അസോസിയേഷനും, കലികയും ബിഡികെ യും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

  • 07/11/2020

കുവൈറ്റ് സിറ്റി:  കേരളപ്പിറവിയോടനുബന്ധിച്ച് കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ  രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.  നവംബർ 6, വെള്ളിയാഴ്‌ച ഉച്ചക്ക് 1 മുതൽ വൈകുന്നേരം 6 വരെ അദാൻ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ 144 പേർ രക്തം ദാനം ചെയ്തു. അന്തരിച്ച കുവൈത്ത് അമീർ, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ന്റെ സ്മരണാർത്ഥം കൂടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.


ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് കരിങ്കുന്നം അസോസിയേഷൻ രക്ഷാധികാരി  ജോഷി മാരിപ്പുറം നിർവ്വഹിച്ചു. ബിഡികെ രക്ഷാധികാരി മനോജ് മാവേലിക്കര കേരളപ്പിറവി സന്ദേശം നൽകി. കലിക ബഷീർ, ദീപ്തേഷ്, രാജൻ തോട്ടത്തിൽ, ജയ്സൺ വിച്ചാട്ട് എന്നിവർ ആശംസകൾ അറിയിച്ചു.

കരിങ്കുന്നം അസോസിയേഷൻ പ്രസിഡണ്ട് ജയേഷ് തോട്ടനാനിയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രഘുബാൽ ബിഡികെ സ്വാഗതവും, നിമിഷ് കാവാലം നന്ദിയും പറഞ്ഞു.

നളിനാക്ഷൻ, ദീപുചന്ദ്രൻ, ജെയ്സൺ മേലേടം, രമ്യ ജെയ്സൺ, റെജി, ദീപു, ജെനി, ജെയ്‌സ്, ലിസ്റ്റിൻ,റിനു, റിന്റു, സോഫി രാജൻ, വേണുഗോപാൽ, രാജേഷ് ആർജെ, തോമസ് ജോൺ അടൂർ, മുനീർ, രജീഷ് ലാൽ, രഞ്ജിത്, സതീഷ്, പ്രവീൺ, മൻസൂർ, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


ലോകത്തിന്റെ ഏത് കോണിൽ പോയാലും സ്വന്തം നാടിനോടും, മാതൃഭാഷയോടുമുള്ള ആത്മബന്ധം ഉയർത്തിപ്പിടിക്കുന്നവരാണ് മറ്റുള്ളവരേപ്പോലെ തന്നെ കേരളീയരും. അതുകൊണ്ട് തന്നെ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ കേരളീയ വേഷത്തിൽ തന്നെയാണ് മിക്കവരും പങ്കെടുത്തത്.


ഓരോ വിശേഷദിനങ്ങളിലും രക്തദാനമെന്ന മഹത്തായ കർമ്മം ചെയ്യുന്നതിലൂടെ മനുഷ്യൻ തീർത്ത എല്ലാ അതിർവരമ്പുകൾക്കും അപ്പുറം പരസ്പരം പങ്കുവയ്ക്കലിന്റെയും, സഹജീവിസ്നേഹത്തിന്റെയും സന്ദേശം സമൂഹത്തിൽ വ്യാപിപ്പിക്കുക എന്നതാണ് ബിഡികെ ഉദ്ദേശിക്കുന്നത്. 


സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.

Related News