നിറം 2020 ചിത്രരചനാ മത്സരം നവംബർ 13 ന് വെള്ളിയാഴ്ച. രെജിസ്ട്രേഷൻ 2500 കവിഞ്ഞു.

  • 11/11/2020

കല (ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "നിറം 2020" ചിത്രരചനാ മത്സരം  നവമ്പർ 13 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ആരംഭിക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സ്വന്തം വീടുകളിൽ വെച്ച് തന്നെയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഓരോ ഗ്രൂപ്പുകാർക്കും ഉള്ള വിഷയം കല(ആർട്ട്) കുവൈറ്റിൻറെ  വെബ്സൈറ്റിലൂടെയും മത്സരാത്ഥികളുടെ ഇമെയിൽ വഴിയും അറിയിക്കും.  

ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 130-ആം ജന്മദിനത്തോടനുബന്ധിച്ചു കല (ആർട്ട്) കുവൈറ്റ് കുട്ടികൾക്കായി അമേരിക്കൻ ടുറിസ്റ്റർറുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതൽ "നിറം" എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 16-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായാണ്  മത്സരം നടത്തുന്നത്. മത്സര സമയം 2 മണിമുതൽ 4 വരെയും, 4 മണി തൊട്ട് 4:30 വരെ ഡ്രോയിങ്‌സ് അപ്പ്‌ലോഡ് ചെയ്യുന്നതിനുള്ള സമയവും ആണ്.

ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയവും, രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് സ്‌പെഷ്യൽ ഗിഫ്റ്റും  നൽകുന്നതാണ്. കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്.

സംഘാടകരുടെ പ്രതീക്ഷകളെയും മറികടന്നുള്ള പ്രാധിനിത്യമാണ് കുരുന്നു പ്രതിഭകളിൽ നിന്നും അതുപോലെ രക്ഷിതാക്കളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും ഓൺലൈൻ രെജിസ്ട്രേഷൻ 2500 കവിഞ്ഞതായും കല(ആർട്ട്) കുവൈറ്റ്   പ്രസിഡന്റ് മുകേഷ് വി. പി., ജനറൽസെക്രട്ടറി ശിവകുമാർ, ജനറൽ കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ അറിയിച്ചു.  

Related News