നിറം 2020 ചിത്രരചനാ മത്സരം 2816 കുട്ടികൾ പങ്കെടുത്തു

  • 15/11/2020

കല(ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്ക്കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച "നിറം 2020" ചിത്രരചനാ മത്സരത്തിൽ 2816 കുട്ടികൾ പങ്കെടുത്തു. നവമ്പർ 13 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്കാണ് മത്സരം ആരംഭിച്ചത്. 

കോവിഡ്-19 ന്റെ പശ്ചാത്തലത്തിലും പരിമിതിയിലും നിലവിലെ സാങ്കേതികതകൾ ഉപയോഗിച്ചു സ്വന്തം വീടുകളിൽ വെച്ച് തന്നെയാണ് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തത്. മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഓരോ ഗ്രൂപ്പുകാർക്കും ഉള്ള വിഷയം കല(ആർട്ട്) കുവൈറ്റിൻറെ  വെബ്സൈറ്റിലൂടെയും മത്സരാത്ഥികളുടെ ഇമെയിൽ വഴിയും അറിയിക്കുകയും അഞ്ചുമണിവരെ ഓരോ ഗ്രൂപ്പുകാർക്കും പ്രത്യേകം നിശ്ചയിച്ച ഇമെയിൽലേക്ക്  ഡ്രോയിങ്‌സ് അപ്പ്‌ലോഡ് ചെയ്യുന്നതിനുള്ള സമയവും അനുവദിച്ചിരുന്നു. ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായാണ്  മത്സരം നടന്നത്.

ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 130-ആം ജന്മദിനത്തോടനുബന്ധിച്ചു കല (ആർട്ട്) കുവൈറ്റ് കുട്ടികൾക്കായി അമേരിക്കൻ ടുറിസ്റ്റർറുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2005 മുതൽ "നിറം" എന്ന നാമകരണത്തിൽ വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 16-ആം വാർഷികമായിരുന്നു ഈ വർഷം.

ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയവും, രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് സ്‌പെഷ്യൽ ഗിഫ്റ്റും  നൽകുന്നതാണ്. കൂടാതെ എല്ലാ മത്സരാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും നൽകുന്നുണ്ട്. റിസൾട്ട് ഡിസംബർ 25-ന് പ്രഖാപിക്കും.

സംഘാടകരുടെ പ്രതീക്ഷകളെയും മറികടന്നുള്ള പ്രാധിനിത്യമായിരുന്നു ഇത്തവണയും ഉണ്ടായത്. കുവൈറ്റിലെ ഇരുപത്തഞ്ചോളം വരുന്ന ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 3022 പേർ ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്തതിൽ 2816 പേർ മത്സരത്തിൽ പങ്കെടുത്തു. കുട്ടികളുടെ കലാപരമായ കഴിവുകൾ വള൪ത്തിയെടുക്കുന്നതിനായി സംഘടിപ്പിച്ച നിറം 2020 എന്ന പരിപാടി വൻ വിജയമാക്കാൻ കഴിഞ്ഞതിൽ സംഘാടകർ സന്തുഷ്ട്ടിയും സംതൃപ്തിയും രേഖപ്പടുത്തിയതോടൊപ്പം ഇതുമായി സഹകരിച്ച കുരുന്നു പ്രതിഭകൾക്കും രക്ഷിതാക്കൾക്കും സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും നന്ദി രേഖപ്പെടുത്തുന്നതായും കല(ആർട്ട്) കുവൈറ്റ്   പ്രസിഡന്റ് മുകേഷ് വി. പി., ജനറൽസെക്രട്ടറി ശിവകുമാർ, ട്രെഷറർ ഹസ്സൻകോയ,  ജനറൽ കൺവീനർ ജെയ്സൺ ജോസഫ് എന്നിവർ അറിയിച്ചു.  

Related News