സൗദി അറേബ്യയിലേക്ക് കടത്താനെത്തിയ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി

  • 06/04/2021

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താനെത്തിയ നാലര മില്യൺ വരുന്ന ആംഫിറ്റാമിൻ ഗുളികകളടങ്ങിയ മയക്കുമരുന്ന് ശേഖരം പിടികൂടി.  ഫ്രൂട്ട്സ് കണ്ടെയ്‌നറിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾസാണ് വൻ മയക്കുമരുന്ന് വേട്ട നടത്തിയത്. ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസുമായി സഹകരിച്ചാണ് ദൗത്യം വിജിയിപ്പിച്ചെടുത്തത്.

ഫ്രൂട്ട്സ് കണ്ടെയ്നറിൽ ആപ്പിളുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വൻ ലഹരി മരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. ജിദ്ദ തുറമുഖത്തെത്തിയ കണ്ടെയ്‌നറിലാണ് മയക്കു മരുന്ന് ശേഖരം ഒളിപ്പിച്ചു കടത്തിയത്. നാലര ദശലക്ഷത്തോളം വരുന്ന ആംഫിറ്റാമിൻ ഗുളികകൾ അടങ്ങുന്നതാണ് പിടിച്ചെടുത്ത ലഹരി വസ്തുക്കളെന്ന് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽ നജ്ദി വിശദീകരിച്ചു.

സംഭവുമായി ബന്ധപ്പെട്ട് സ്വദേശി പൗരനെ അറസ്റ്റ് ചെയ്തതായും തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും വക്താവ് വ്യക്തമാക്കി. അടുത്തിടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ മയക്കുമരുന്ന് ശേഖരങ്ങളെ ഫലപ്രദമായി സുരക്ഷാ വിഭാഗങ്ങൾക്ക് തടയിടാൻ കഴിഞ്ഞതായി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പറഞ്ഞു. വിവിധ വകുപ്പുകളുടെയും വിദേശ രാജ്യങ്ങളുടെയും സഹകരണമാണ് ഇതിന് സഹായകരമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related News