റിയാദ് വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചു

  • 04/07/2023



സൗദി തലസ്ഥാന നഗരിയിലെ കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പാർക്കിങ്​ ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും 10 റിയാലായാണ് ഫീസ് കൂട്ടിയത്. പാർക്കിങ്​ അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. 

ആഭ്യന്തര സർവിസുകൾ ഓപറേറ്റ്​ ചെയ്യുന്ന അഞ്ചാം നമ്പർ ടെർമിനലിലെ​ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിങ്ങിനും അന്താരാഷ്​ട്ര ടെർമിനലുകളിലെ പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്.

ഒരു മണിക്കൂറിന് പത്ത് റിയാൽ നൽകണമെങ്കിലും ഒരു ദിവസം മുഴുവൻ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാർക്ക്​ ചെയ്യാൻ 130 റിയാൽ ഒടുക്കിയാൽ മതി. അന്താരാഷ്ട്ര ടെർമിനലിലെ പാർക്കിങ്ങിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ഓരോ ദിവസങ്ങൾക്കും പ്രതിദിനം 40 റിയാൽ എന്ന തോതിൽ ഫീസ് നൽകിയാൽ മതി. ദീർഘകാല പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലാണ്​ നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെ മാത്രമേ നൽകേണ്ടതുള്ളൂ.

Related News