മലയാളിയോടാണോ കളി!!! ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ നോക്കി, ഒടുവില്‍ സൗദി യുവാവ് മലയാളം പഠിച്ച് ചാനലില്‍ തിളങ്ങി

  • 03/01/2021




റിയാദ്: മലയാളിയായ ഡ്രൈവറെ അറബി പഠിപ്പിക്കാന്‍ നോക്കിയതാണ്... അവസാനം അറബിക്ക് മലയാളം പഠിക്കേണ്ടി വന്നു. പിന്നീട് ചാനല്‍ ചര്‍ച്ചയിലും മലയാളം പറഞ്ഞ് അവതാരകനെ കൈയിലെടുത്തു. സൗദി യുവാവ് അബ്ദുള്ളയാണ് മലയാളം പറഞ്ഞ് സോഷ്യല്‍മീഡിയ കീഴടക്കിയത്.


മലയാളി ഡ്രൈവറെ അറബി പഠിപ്പിക്കല്‍ ഏറെ ദുഷ്‌കരമായിരുന്നു. ഓരോ തവണ അറബി വാക്കുകള്‍ പറയുമ്പോഴും സമാന അര്‍ഥത്തില്‍ മലയാളത്തിലാണ് ഡ്രൈവര്‍ മറുപടി നല്‍കിയിരുന്നത്. അങ്ങനെയാണ് മലയാളം പഠിക്കേണ്ടിവന്നത്. ഹിന്ദി സംസാരിച്ചു തുടങ്ങിയ അദ്ദേഹം കേരളം സന്ദര്‍ശിക്കാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തു.അതോടൊപ്പം 'എന്തെങ്കിലും വേണോ' എന്ന് മലയാളത്തില്‍ ചാനല്‍ അവതാരകനോട് ചോദിക്കുകയും 'ഒന്നും വേണ്ട' എന്ന് അവതാരകന്‍ പറയുകയും ചെയ്തു. ഞാന്‍ പോണു എന്ന് അബ്ദുള്ള പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ചു.


മലയാളം പഠിച്ചത് കൊണ്ട് തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ട അനുഭവം അബ്ദുള്ള പങ്കുവെച്ചു. കാര്‍ എഞ്ചിന്‍ തകരാറിലായതോടെ മലയാളികള്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പിലേക്ക് പോയി. ചെറിയ പ്രശ്‌നം മാത്രമാണുള്ളതെന്ന് അവര്‍ മലയാളത്തില്‍ പറയുന്നത് കേട്ടു. എന്നാല്‍ തന്നോട് വലിയ പ്രശ്‌നം ആണെന്ന് പറഞ്ഞ് അധികപണം ആവശ്യപ്പെട്ടു. 

എന്നാല്‍, തല്‍ക്കാലം തകരാറ് ശരിയാക്കേണ്ടതില്ല എന്ന് പറഞ്ഞ് അവിടെ നിന്ന് സ്ഥലം വിട്ട് മറ്റൊരു വര്‍ക്ക് ഷോപ്പിനെ താന്‍ സമീപിച്ച ശേഷം കാറിലെ തകരാറ് കൃത്യമായി താന്‍ അവര്‍ക്ക് വിശദീകരിച്ചു നല്‍കിയതോടെ നിസാരമായ തുകക്ക് കാര്യം നടന്നുവെന്നും എന്‍ജിനിലെ തകരാറ് ഇത്രയും കൃത്യമായി താന്‍ വിശദീകരിച്ചുനല്‍കിയത് കേട്ട് രണ്ടാമത്തെ വര്‍ക്ക് ഷോപ്പ് ജീവനക്കാര്‍ അമ്പരന്നുവെന്നും അബ്ദുള്ള പറഞ്ഞു.



Related News