സൗദിയിലേക്ക് അതിവേഗ ടൂറിസം വിസ അനുവദിക്കാൻ നടപടികൾ പൂർത്തിയാക്കിയതായി ടൂറിസം മന്ത്രാലയം

  • 14/06/2023



റിയാദ്: സൗദി അറേബ്യയിലേക്ക് അതിവേഗ ടൂറിസം വിസ അനുവദിക്കാൻ നടപടികൾ പൂർത്തിയാക്കിയതായി സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. അമേരിക്ക,യു.കെ, ഷെങ്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സന്ദർശക, ബിസിനസ്സ് വിസയുള്ളവർക്കും ഈ രാജ്യങ്ങളിലെ സ്ഥിര താമസ രേഖയുള്ളവർക്കുമായിരിക്കും പുതിയ വിസയുടെ ആനുകൂല്യം ലഭ്യമാകുക. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ www.mofa.gov.sa വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടതെന്ന് ടൂറിസം മന്ത്രാലയം അറിയിപ്പിൽ പറയുന്നു.

സൗദി അറേബ്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങളും സമ്പന്നമായ പൈതൃകവും ചരിത്രവും അറിയാനും ആസ്വദിക്കാനും താത്പര്യമുള്ളവർക്ക് രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ വിസ നിയമം. 2030 ഓടെ വർഷത്തിൽ 10 കോടി വിനോദസഞ്ചാരികളെ രാജ്യത്ത് എത്തിക്കുകയാണ് ലക്ഷ്യം. സാധുവായ സന്ദർശക, ബിസിനസ് വിസ ഉള്ളവർക്കാണ് ഇ-വിസ നൽകുക. 

ഒരു തവണയെങ്കിലും വിസ അനുവദിച്ച രാജ്യത്ത് പ്രവേശിച്ചവരായിരിക്കണം അപേക്ഷകർ എന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നുണ്ട്. സ്ഥിര താമസ രേഖയുള്ളവരുടെ മാതാപിതാക്കൾ, സഹോദരൻ, സഹോദരി, മക്കൾ എന്നിവർക്കും ഇ-വിസക്ക് അപേക്ഷിക്കാം. ഇ-വിസയിൽ രാജ്യത്തെത്തുന്നവർക്ക് തീർത്ഥാടന സീസണുകളിൽ ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങൾക്കായി പുണ്യ നഗരിയിൽ പ്രവേശിക്കുന്നത് അനുവദനീയമായിരിക്കില്ല.

Related News