വ്യാജ പെർമിറ്റുമായി മക്കയിൽ പ്രവേശിച്ചാൽ പിഴ; നിയന്ത്രണങ്ങൾ കടുപ്പിച്ച്‌ സൗദി

  • 09/04/2021

റിയാദ്: റമദാൻ മാസത്തിൽ അധികൃതരിൽ നിന്നുള്ള പെർമിറ്റ് ഇല്ലാതെ ഉംറ തീർഥാടനത്തിനോ മസ്ജിദുൽ ഹറാമിൽ പ്രാർഥന നടത്തുന്നതിനോ വേണ്ടി മക്കയിൽ പ്രവേശിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഇങ്ങനെ പെർമിറ്റില്ലാതെയോ വ്യാജ പെർമിറ്റുമായോ മക്കയിൽ പ്രവേശിക്കുന്നതിനിടയിൽ പിടിക്കപ്പെട്ടാൽ 10,000 റിയാൽ ഫൈൻ ഈടാക്കും.

അതേസമയം, മസ്ജിദുൽ ഹറാമിൽ പ്രാർഥനയ്ക്കാണ് പെർമിറ്റില്ലാതെ എത്തിയതെങ്കിൽ 1000 റിയാൽ പിഴയെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച്‌ സൗദി പ്രസ്സ് ഏജൻസി അറിയിച്ചു. ഈ ശിക്ഷാ നടപടി കൊവിഡ് പ്രതിസന്ധിക്ക് ശമനമുണ്ടാവുകയും ജനജീവിതം സാധാരണ നിലയിലാവുകയും ചെയ്യുന്നത് വരെ തുടരാനാണ് സാധ്യതയെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇഅ്തമർനാ മൊബൈൽ ആപ്ലിക്കേഷനിലൂടെ പെർമിറ്റ് എടുത്ത ശേഷം മാത്രമേ ഉംറ തീർഥാടനത്തിനും പ്രാർഥനയ്ക്കും വേണ്ടി എത്താൻ പാടുള്ളൂ എന്നും മന്ത്രാലയം അഭ്യർഥിച്ചു. മക്കയിലേക്കുള്ള എല്ലാ റോഡുകളിലും ചെക്ക് പോസ്റ്റുകളിലും സുരക്ഷ ഉദ്യോഗസ്ഥർ പെർമിറ്റുണ്ടോ എന്ന കാര്യം പരിശോധിക്കും. അതോടൊപ്പം മസ്ജിദുൽ ഹറാമിലേക്ക് പോകുന്ന വഴികളിലും പരിശോധന ഏർപ്പെടുത്തും. പെർമിറ്റില്ലാത്ത ഒരാളും മക്കയിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണിത്.

റമദാൻ മാസത്തിൽ ഉംറ തീർഥാടനത്തിനും മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രവേശിക്കാനും കൊവിഡ് വാക്‌സിൻ എടുത്തവർക്കു മാത്രമേ അനുമതി നൽകൂ എന്ന് സൗദി അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. തവക്കൽനാ ആപ്പിൽ വാക്‌സിൻ ലഭിച്ചവർ എന്ന് രേഖപ്പെടുത്തിയവർക്ക് മാത്രമായിരിക്കും പ്രവേശനം.

ഇതുപ്രകാരം രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കു പുറമെ, ആദ്യ ഡോസ് വാക്‌സിനെടുത്ത് 14 ദിവസം കഴിഞ്ഞവർക്കും കൊവിഡ് ബാധിച്ച്‌ രോഗമുക്തി നേടിയവർക്കും പ്രവേശനം അനുവദിക്കും. ഉംറയ്ക്ക് വരുന്നവരും മക്കയിലെയും മദീനയിലെയും രണ്ട് പള്ളികളിൽ പ്രാർഥനയ്ക്കും സന്ദർശനത്തിനുമായി വരുന്നവരും ഇഅ്തമർനാ, തവക്കൽനാ ആപ്പുകൾ വഴി രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ വരാൻ പാടുള്ളൂ എന്നും ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

ആപ്പിൽ ലഭ്യമായ സമയം അനുസരിച്ച്‌ മാത്രമേ രജിസ്റ്റർ ചെയ്യാനാവൂ. കൊവിഡ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരു സമയത്ത് നിശ്ചിത എണ്ണം ആളുകളെ മാത്രമേ അകത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

Related News