സൗദിയിൽ കൊവിഡ് കേസുകൾ കൂടുതലും സ്ത്രീകളിൽ

  • 20/04/2021

റിയാദ്: സൗദിയിൽ കൊവിഡ് കേസുകളിൽ 55 ശതമാനവും സ്ത്രീകളിലാണെന്ന് ആരോഗ്യ സഹമന്ത്രി ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി. സ്ത്രീകളിൽ വാക്‌സിനേഷന്റെ തോത് പുരുഷൻമാരുടേതിനേക്കാൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ വർഷത്തിന്റെ തുടക്കത്തിലുള്ളതിനേക്കാൾ ഉയർന്നതോതിൽ സ്ത്രീകൾക്കിടയിൽ കൊവിഡ് കേസുകൾ വർദ്ധിച്ചതായി ഇതുമായി ബന്ധപ്പെട്ട പകർച്ചവ്യാധി പഠന വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നതായും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരിലും സ്ത്രീകൾ തന്നെയാണ് കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകൾക്കിടയിൽ പ്രതിരോധ കുത്തിവയ്പ്പ് പ്രതീക്ഷിച്ചതിലും താഴെയാണ്. ഈ സ്ഥിതി മാറണമെന്നും വാക്സിനുകളുടെ ഫലപ്രാപ്തിയും സുരക്ഷയും ബോധ്യപ്പെട്ട സ്ഥിതിക്ക് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News